കേരളത്തിലെ പൊലീസ് സമനില തെറ്റിയ പൊലെയാണ് കുറേ നാളുകളായി പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരില്‍ നിന്ന് നഷ്ടമായിരിക്കുകയാണ്. എല്ലായിടത്തും പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതൃത്വമാണെന്ന് സതീശന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ പൊലീസുകാരന്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഒരു സേന എന്നുള്ള രീതിയില്‍ മുകള്‍തട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥന്‍ വരെയുള്ള സംവിധാനത്തിന്റെ താളക്രമം ആകെ തെറ്റിയിരിക്കുകയാണ്. പഴയകാലത്തെ സെല്‍ഭരണം പുതിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണെന്ന് സതീശന്‍ പറഞ്ഞു. ഒരാള്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ അയാളെ പൊലീസ് പിടികൂടി നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരത്തില്‍ അതിക്രമം നടത്താന്‍ പൊലീസുകാര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് സതീശന്‍ ചോദിച്ചു. ക്രൂരതയുടെ പര്യായമായി പൊലീസ് മാറിയിരിക്കുകയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് പൊലീസ്. ഗുണ്ടകളോട് പോലും കാണിക്കാത്ത അത്ര ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി എല്ലാ കാര്യത്തിലും പൊലീസിനെ ന്യായീകരിക്കുകയാണ്. റൈറ്റര്‍മാരായി ഇരിക്കാന്‍ അനുഭാവികളായ പൊലീസുകാരെ കിട്ടുന്നില്ലെന്ന് കൊടിയേരി തന്നെ പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് അനുഭാവികള്‍, സിപിഎം അനുഭാവികള്‍, ആര്‍എസ്എസ് അനുഭാവികള്‍ എന്ന നിലയില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ പൊലീസിനെ തിരിച്ചിരിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.
Read more
കണ്ണൂരില്‍ മാവേലി എക്പ്രസില്‍ വെച്ചായിരുന്നു ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ച് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മര്‍ദ്ദിച്ചത്. യാത്രക്കാരനെ അടിക്കുകയും, നെഞ്ചില്‍ അടക്കം ബൂട്ടിട്ട് ചവിട്ടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയത് പുറത്ത് വന്നിരുന്നു. എന്നാല്‍ യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നും, മര്‍ദ്ദിച്ചു എന്ന ആരോപണം തെറ്റാണന്നുമായിരുന്നു എഎസ്‌ഐയുടെ വാദം.