യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; സൂരജ് പാലക്കാരനെതിരെ കേസ്, ഒളിവില്‍

വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് പൊലീസ്. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന്‍ എന്ന സൂരജ് വി. സുകുമാറിനെതിരെ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിനിയാണ് സൂരജിന് എതിരെയും പൊലീസില്‍ പരാതി നല്‍കിയത്.

ടി പി നന്ദകുമാറിന് എതിരെ പരാതി നല്‍കിയ യുവതിയെ കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാര്‍ പറഞ്ഞു.

അതേസമയം സൂരജ് പാലാക്കാരന്‍ ഒളിവിലാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സൂരജിനെ അന്വേഷിച്ച് പൊലീസ് പാലായിലെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. സൂരജിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.