വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം: മുന്‍ മാനേജര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍

വാഹാനാപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായ ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെ പുതിയ വെളിപ്പെടുത്തല്‍. അപകട സ്ഥലത്ത് ചില അസ്വഭാവിക കാര്യങ്ങളാണ് നടന്നതെന്നാണ് അപ്രതീക്ഷിതമായി അതുവഴി പോയ തനിക്ക് ബോധ്യപ്പെട്ടതെന്ന് സോബി പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ മുന്‍മാനേജര്‍മാര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് തെളിഞ്ഞതോടെയാണ് ഇക്കാര്യം സോബി “മാതൃഭൂമി ന്യൂസി”നോട് പങ്ക് വച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടസ്ഥലത്ത് എത്തുന്നത്.
അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളി കൊണ്ട്‌പ്പോകുന്നതും കണ്ടു. ഇരുവരുടെയും പെരുമാറ്റങ്ങളില്‍ നിറയെ അസ്വഭാവികതകളായിരുന്നു, പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചു. പിന്നീട് യാത്ര തുടര്‍ന്നു.

തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെറിഞ്ഞത്. സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിക്കുകയും പ്രകാശ് തമ്പിയോട് ഇത് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിച്ച് ആറ്റിങ്ങല്‍ സി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ വിളിക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സോബി പറയുന്നു.കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനായിരുന്നു. പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിഷ്ണു മാനേജരുമായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Read more

ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളേക്കാള്‍ കൂടുതല്‍ കൈകാര്യം ചെയ്തിരുന്നത് ഇവരാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു.