ഇന്ത്യന്‍ കുട്ടികള്‍ക്ക് കെ-പോപ്പ് കള്‍ച്ചറിനോടുള്ള ആസക്തിയെ കുറിച്ച് സംസാരിച്ച് നടന്‍ മാധവന്‍. ഇന്ത്യയിലെ മിക്ക ഭാഗങ്ങളും കെ-പോപ്പ് സംസ്‌കാരം ഏറ്റെടുത്തു. കൊറിയന്‍ ഭാഷയില്‍ സംസാരിക്കുന്ന കുട്ടികളെ തനിക്കറിയാമെന്നും, മാതാപിതാക്കള്‍ക്ക് മനസിലാതിരിക്കാന്‍ കൊറിയന്‍ ഒരു രഹസ്യ കോഡായി കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മാധവന്‍ പറയുന്നത്.
”ഇന്ത്യയിലെ മിക്കവരും കെ-പോപ്പ് കള്‍ച്ചര്‍ ജനപ്രിയ സംസ്‌കാരമായി ഏറ്റെടുത്തിരിക്കുകയാണ്. പല കുട്ടികള്‍ക്കും ഇന്ന് കൊറിയന്‍ ഭാഷ അറിയാം, അത് മാതാപിതാക്കളില്‍ നിന്നും സംഭാഷണങ്ങള്‍ മറച്ചു വയ്ക്കാനുള്ള രഹസ്യ ഭാഷയായും പലരും ഉപയോഗിക്കുന്നുണ്ട്. കെ-പോപ്പ് എങ്ങനെയാണ് നമ്മുടെ സംസ്‌കാരത്തിലേക്ക് കടന്നുവന്നത്?”
”നമുക്ക് നമ്മുടെ പ്രേക്ഷകരെ എങ്ങനെയാണ് നഷ്ടമായത്? അവരുടെ കഥ പറച്ചിലില്‍ എന്താണ് വ്യാത്യാസം? ഈ ചോദ്യങ്ങള്‍ ഇപ്പോള്‍ എന്റെ തലച്ചോറിനെ വല്ലാതെ അലട്ടുന്നുണ്ട്” എന്നാണ് മാധവന്‍ ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇന്നത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മാധവന്‍ സംസാരിക്കുന്നുണ്ട്.
ഇന്നത്തെ സിനിമാക്കാര്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പ്രേക്ഷകരുടെ അഭിരുചികള്‍ മുതല്‍ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ രൂപപ്പെടുത്തുന്നതില്‍ വരെ വെല്ലുവിളികളുണ്ട്. പണ്ട് നമ്മള്‍ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോകുന്ന സമയത്ത് അവിടെ ഭക്ഷണപാനീയങ്ങള്‍ ഒന്നും അധികമുണ്ടായിരുന്നില്ല, പോപ്‌കോണോ സമൂസയോ മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ ഇന്ന് ഒരുപാട് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ വലിയൊരു തീരുമാനം എടുക്കണം. സിനിമകള്‍ മറികടക്കേണ്ട തടസ്സങ്ങളാണിവ. സിനിമ പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കുടുംബമായി സിനിമ കാണാന്‍ പോകുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. ചിലപ്പോള്‍ പണം പാഴാക്കുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകും.
ചിലപ്പോള്‍ അവരില്‍ ഒരാള്‍ക്ക് സിനിമ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിയേറ്ററുകളില്‍ നിന്ന് വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ പാര്‍ക്കിങ് സ്ഥലത്തേക്ക് തിരികെ ഓടേണ്ടി വരും എന്നാണ് മാധവന്‍ പറയുന്നത്. അതേസമയം, അക്ഷയ് കുമാര്‍ ചിത്രം ‘കേസരി: ചാപ്റ്റര്‍ 2’ ആണ് ഇനി മാധവന്റെതായി റിലീസിന് ഒരുങ്ങുന്നത്.