ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട് കല്‍പ്പറ്റയിലെ പൊലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവ ദിവസം സ്റ്റേഷനില്‍ ജിഡി ചാര്‍ജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനും പാറാവ് നിന്ന ഉദ്യോഗസ്ഥനുമാണ് സസ്‌പെന്‍ഷന്‍. നിലവില്‍ ക്രൈംബ്രാഞ്ചിനാണ് കേസില്‍ അന്വേഷണ ചുമതല.

മൂന്ന് ദിവസം മുന്‍പാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഗോകുലിന്റെ കുടുംബം കല്‍പ്പറ്റ സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിഐയ്‌ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. ഫോറന്‍സിക് സര്‍ജന്മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു.