തുറമുഖ നിര്‍മ്മാണം നിര്‍ത്തില്ല; മണ്ണെണ്ണ സൗജന്യമായി നല്‍കാനാവില്ല; സമരക്കാരെ തള്ളി സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരക്കാരുടെ എല്ലാ ആവശ്യവും അംഗീകരിക്കാനാവുന്നതല്ലെന്ന് തുറമഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഏഴു ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. ഏതൊരു സമരത്തിലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാറില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കപ്പെടുന്നതോടെ, സമന്വയത്തിലൂടെ സമരം നിര്‍ത്തിവെക്കുകയാണ് പതിവ്. സമരക്കാര്‍ ഉന്നയിച്ച ഏഴ് ഡിമാന്‍ഡുകളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

സമരക്കാര്‍ ഉന്നയിച്ച ആറാമത്തെ ഡിമാന്‍ഡ് മണ്ണെണ്ണ സൗജന്യമായി നല്‍കണമെന്നതാണ്. കേന്ദ്രസര്‍ക്കാരാണ് മണ്ണെണ്ണ നല്‍കുന്നത്. അവര്‍ നല്‍കിയെങ്കില്‍ മാത്രമേ കേരളത്തിന് കൊടുക്കാനാകൂവെന്നും അദേഹം വ്യക്തമാക്കി.സമരക്കാരുടെ ഏഴാമത്തെ ആവശ്യം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറ്റവും ഗുണകരമാകുന്ന പദ്ധതി, കോടാനുകോടി രൂപ ചിലവഴിച്ചശേഷം നിര്‍ത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അദേഹം പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരെ കേസെടുത്തു. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി എന്നാണ് എഫ്ഐആര്‍. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടു കിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്നവരുടെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

Read more

ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കല്ല് കൊണ്ട് മാരകമായ ഇടി കിട്ടി കാലിന് ഗുരുതരമായി പരിക്കേറ്റ എസ്ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 8 സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞം തീരദേശത്തും പൊലീസ് സ്റ്റേഷന്‍ പരിസരത്തും ഹാര്‍ബറിലും കെഎസ്ആര്‍ടിസി പരിസരത്തും വന്‍ പൊലീസ് സന്നാഹമുണ്ട്.