വിഴിഞ്ഞം സമരം; അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും. സഭ നിര്‍ത്തി വെച്ച് പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തര പ്രമേയം ഉച്ചക്ക് 1 മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. ആര്‍ച്ച് ബിഷപ്പിനെതിരേ കേസെടുത്തതിലുള്ള പ്രതിഷേധവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. അതേ സമയം വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല സമിതി ഇന്ന് വൈകുന്നേരം അഞ്ചിന് ചര്‍ച്ച നടത്തിയേക്കും. വിഴിഞ്ഞം വിഷയത്തില്‍ കെസിബിസി യോഗത്തിലെ ചര്‍ച്ച ഇന്നും തുടരും.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇന്നത്തെ ചോദ്യോത്തരവേളയില്‍ ഉയരും. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ബില്ലില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിലും ചര്‍ച്ചകള്‍ ഉണ്ടാകും.

Read more

സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബില്‍ പാസ്സാക്കാന്‍ ആണ് ശ്രമം. ഗവര്‍ണറെ പിന്തുണക്കാന്‍ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിര്‍ക്കും.