വൈത്തിരിയിലേത് ഏറ്റുമുട്ടലെന്ന പൊലീസ് വാദം പൊളിയുന്നു; സി. പി ജലീൽ വെടിയുതിർത്തതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് 

വൈത്തിരിയിൽ റിസോർട്ടിൽ വെച്ച് മാവോയിസ്റ്റ് പ്രവർത്തകൻ സി. പി ജലീൽ വെടിയുതിർത്തതിന് തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ്  പുറത്തു വന്നത്.  ഇതോടെ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം പൊളിയുകയാണ്.

ജലീൽ വെടിയുതിർത്തതു കൊണ്ടാണ് തിരിച്ച് വെടിവെച്ചെതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, ജലീൽ വെടിവെച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.  ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ല. ജലീലിൻ്റെ വലതു കൈയിൽ നിന്നും ശേഖരിച്ച സാമ്പിളിലും  വെടിമരുന്നിൻ്റെ അംശമില്ല. ഇടതുകൈയിൽ ലഡിന്‍റെ അംശം ഉണ്ടായിരുന്നതായും ഫോറൻസിക് റിപ്പോർട്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പൊലീസുകാരുടെ തോക്കിൽ നിന്നാണെന്നും ഫോറൻസിക് റിപ്പോർട്ട്.

ജലീലിൻ്റെ ബന്ധുക്കളുടെ വാദം ശരിവെയ്ക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരൻ പ്രതികരിച്ചു. ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കൾ ഉൾപ്പെടെ പലരും അന്ന് തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.

Read more

കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉൾപ്പെടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത് നൽകാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു. അങ്ങനെയാണ് അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് പൊലീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.