മക്കളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാറില്‍ പീഡനത്തിനരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചു കൊണ്ട്  അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ടാണ് തല മുണ്ഡനം ചെയ്യുന്നത് ആരംഭിച്ചത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചു കൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.

സ്ത്രീസുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ല. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. ഇന്നത്തോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ സമരം അവസാനിക്കും. വാളയാറിലെ ഇളയ പെണ്‍കുട്ടി മരിച്ചതിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് ഒരു സമരപരിപാടി നടത്തും. തുടര്‍ന്നായിരിക്കും മറ്റ് സമരപരിപാടികളെ കുറിച്ച് തീരുമാനിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ ചാക്കോയെയും ഡിവൈഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് അമ്മയുടെ ആവശ്യം. വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി സമരമനുഷ്ഠിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ.