വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാൻറെ തലവൻ; സ്മാരകം ഉണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയെന്ന് എ.പി അബ്​ദുള്ളക്കുട്ടി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി.

വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി കേരളത്തിലെ ആദ്യത്തെ താലിബാൻറെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിർമ്മിക്കാൻ നടക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂർണ ഗ്രന്ഥം വായിക്കണം.

ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിൻറെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്​ദുള്ളക്കുട്ടി പറഞ്ഞു.

വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ലിയാർ തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന്​ നീക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൻറെ റിപ്പോർട്ട്​ പുറത്തുവന്നതിനെ തുടർന്നായിരുന്നു അബ്​ദുള്ളക്കുട്ടിയുടെ പ്രതികരണം.

നേരത്തെയും വാരിയംകുന്നനെ അബ്ദുള്ളക്കുട്ടി താലിബാൻ നേതാവെന്ന് വിളിച്ചിരുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നു എന്നുമുള്ള അബ്ദുള്ളക്കുട്ടി പ്രസം​ഗം വിവാദം ഉയര്‍ത്തിയിരുന്നു.