വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് മാതൃക വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലായിരിക്കും വീട് നിർമാണം. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും.
ജനുവരി 25 ന് അകം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇറക്കും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. 750 കോടിയാണ് ആകെ ചിലവായി പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 2024 ൻ്റെ ദുഃഖമായിരുന്നു വയനാടെന്ന് പറഞ്ഞ മുഖ്യമന്ത്രി സമാനതകളില്ലാത്ത ദുരന്തം ആണെന്നും കൂട്ടിച്ചേർത്തു. ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചതെന്നും സമഗ്രവും സുതാര്യവുമായ സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സമയബന്ധിതമായി പദ്ധതി നടപ്പാക്കൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5, ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്- പത്ത് സെൻ്റുകൾ തീരുമാനിച്ചത്. നിർമ്മാണ ഏജൻസി കിഫ്കോൺ ആണ്. നിർമ്മാണ കരാർ നാമനിർദ്ദേശം ഊരാളുങ്കലിന് നൽകും. മേൽനോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.