വേണ്ടത് വികസനം, വിനാശമല്ല, സില്‍വര്‍ ലൈന് എതിരെ മേധാ പട്കര്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് ഉക്രൈനല്ല, കേരളമാണെന്ന് മേദാ പട്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേധാ പട്കര്‍.

സില്‍വര്‍ ലൈന്‍ പരാജയപ്പെടുന്ന പദ്ധതിയാണ്. പ്രളയത്തിന് ശേഷം കേരളം വികസന രീതി തിരുത്തുമെന്നാണ് കരുതിയതെന്ന് അവര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സാമൂഹിക ആഘാത പഠനം പോലും നടന്നിട്ടില്ല. പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്ത യുഡിഎഫ് എംപിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം എന്നും മേധാ പടകര്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ജനകീയ സമര സമിതിയുടെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തിനെത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയാണ് സമരരംഗത്തുള്ളത്. സില്‍വര്‍ ലൈനില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തീരുമാനം.

അതേസമയം കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പൂര്‍ണമായി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തും.