ഒഡീഷയില്‍ കിലോയ്ക്ക് 5,000 രൂപ; കേരളത്തില്‍ വില്‍പ്പന 25,000 രൂപയ്ക്ക്; ഹോള്‍സെയില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയില്‍

ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തില്‍ ഹോള്‍സെയില്‍ വില്‍പ്പന നടത്തിയിരുന്ന സംഘം പിടിയില്‍. രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍, തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന എന്നിവരാണ് കേസില്‍ പിടിയിലായത്.

ഇരുവരും ചേര്‍ന്ന് ഒഡീഷയില്‍ നിന്ന് കുറഞ്ഞ വിലയില്‍ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് ഹോള്‍സെയിലായി വില്‍പ്പന നടത്തിവരികയായിരുന്നു. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് കച്ചവടം നടത്തിയിരുന്നത്. റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Read more

റസലാണ് ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ചിരുന്നത്. ഇയാള്‍ക്കെതിരെ കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, കാഞ്ഞാര്‍, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ നിലവിലുണ്ട്.