ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, ദുരുദ്ദേശമുന്നെന്ന് സംശയിക്കില്ലേ ?; വധ ഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

തെളിവുകള്‍ കയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ പരാതി നേരത്തെ ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു. വധ ഗൂഢാലോചന കേസില്‍ എഫ് ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കിടെയാണ് കോടതിയുടെ ചോദ്യം. കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വെറുതെ ഒരാള്‍ പറഞ്ഞാല്‍ ഗൂഢാലോചനയാകുമോ അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും കുറ്റകൃത്യം നടക്കണ്ടേയെന്നും കോടതി ചോദിച്ചിരുന്നു. ഇന്ന് പ്രൊസിക്യൂഷന്റെ വാദമാണ് നടക്കുന്നത്. ഈ ഘട്ടത്തിലാണ് കോടതി ബാലചന്ദ്രകുമാര്‍ പരാതി നല്‍കാന്‍ വൈകിയതിനെക്കുറിച്ച് ചോദിച്ചത്. വൈകിയതിനാല്‍ ബാലചന്ദ്രകുമാറിന് എന്തെങ്കിലും ദുരുദ്ദേശമുണ്ടെന്ന് സംശയം ഉയരില്ലെയെന്നും കോടതി ചോദിച്ചു.

എന്നാല്‍ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുറ്റകൃത്യം നടന്നതായി മനസിലാക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ മറ്റു ചോദ്യങ്ങള്‍ പ്രസക്തമല്ലെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലൂടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്നും പ്രൊസിക്യുഷന്‍ പറഞ്ഞു. ദിലീപ് ഹാജരാക്കിയ ഫോണിലെ 12 ചാറ്റുകള്‍ ജനുവരി 30ന് ഉച്ചയ്ക്ക് നീക്കിയതായി കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദം തുടരുകയാണ്.