സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്ന് താൻ തീരുമാനിച്ചതായി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. രണ്ടുവര്‍ഷം മുമ്പ് നടന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ മറുപടി അടുത്തിടെ പ്രചരിച്ച വീഡിയോ ക്ലിപ്പിലൂടെ വിവാദമായിരുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്:
പൊതുജനാഭിപ്രായം മാനിച്ച്,
മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്‍മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല.(പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ)
ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.
പരമാവധി വിനയത്തോടെ,
ബാലചന്ദ്രന്‍ ചുള്ളിക്കാട്
മാതൃഭൂമി സാഹിത്യോത്സവത്തിൽ ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത് “കവിതയിൽ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങി വരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നുകൂടെ?,” എന്നായിരുന്നു. “സൗകര്യമില്ല,” എന്നായിരുന്നു ഇതിന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ മറുപടി.
Read more
“എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാറില്ല. ഞാൻ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാൻ എനിക്ക് സൗകര്യമില്ല.” എന്നും ചുള്ളിക്കാട് പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസ്താവനയെ വിമർശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ച നടന്നിരുന്നു.