'വിട്ടുവീഴ്ചക്ക് തയ്യാറായിട്ടും വീണ്ടും ഇടഞ്ഞ് തന്നെ'; സന്ദീപ് വാര്യർക്കെതിരേ നടപടിക്കൊരുങ്ങി ബിജെപി

ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് പാർട്ടി. നിലവിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന സന്ദീപ് വാര്യർക്കെതിരെ അച്ചടക്ക ലംഘനമാരോപിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. സന്ദീപ് വീണ്ടും വീണ്ടും അച്ചടക്ക ലംഘനങ്ങൾ നടത്തുന്നതിനാലാണ് നടപടിക്ക് നിർബന്ധിതരായതെന്ന് പാർട്ടി പറയുന്നു.

പാർട്ടി വിട്ടുവീഴ്‌ചകൾക്ക് തയ്യാറായിട്ടും കടുംപിടുത്തം തുടർന്നുവെന്നാണ് സന്ദീപ് വാര്യർക്കെതിരെയുള്ള വിമർശനം. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് സന്ദീപ് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി. സന്ദീപ് വാര്യർ അതൃപ്തികൾ ഉന്നയിച്ചപ്പോൾ അത് പരിഹരിക്കാനായി പാർട്ടി ശ്രമിച്ചിരുന്നു.

ആർഎസ്എസ് നേതൃത്വം സന്ദീപുമായി ചർച്ചകൾ നടത്തുകയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിക്കുകയും ചെയ്തിരുന്നു. ചിലകാര്യങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനെ അറിയിച്ചിരുന്നു. എന്നാൽ സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നുവെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി കൃഷ്ണകുമാര്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ട്ടിക്കെതിരെ താനുന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത് ഇതിന്റെ ഭാഗമാണെന്നും സന്ദീപ് പറയുന്നു.