മുംബൈയിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി. ബംഗാൾ സ്വദേശി ഉത്പല ഹിപ്പാർഗിയുടേതാണ് തലയോട്ടി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി ഹരീഷ് ഹിപ്പാർഗി (49) ആണ് അറസ്‌റ്റിലായത്.
വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം വ്യാഴാഴ്‌ച വൈകിട്ടാണ് യുവതിയുടെ തല അറുത്ത് മാറ്റിയനിലയിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് പ്രദേശവാസികളായ കുട്ടികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. പിന്നാലെ കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു.
ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. മുൻ വിവാഹത്തിലെ മകന്റെ പേരിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്‌റ്റിലായ ഭർത്താവ് ഹരീഷ് സമ്മതിച്ചതായി ഉദ്യോഗസ്‌ഥർ പറഞ്ഞു.
അതേസമയം ഹരീഷും ഉത്പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്‌റ്റിലെ റഹ്‌മത് നഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. മുൻ വിവാഹത്തിലെ മകന്റെ കുടുംബപ്പേര് മുൻ വിവാഹത്തിൽ നിന്ന് ഹിപ്പാർഗി എന്നാക്കി മാറ്റാൻ ഉത്‌പല തയ്യാറാകാത്തതിനാലായിരുന്നു ഇരുവരും തമ്മിൽ തർക്കം.
2025 ജനുവരി 9 ന്, പുലർച്ചെ 3 മണിയോടെ, ഈ വിഷയത്തിൽ ദമ്പതികൾ വീണ്ടും തർക്കത്തിലായി. തുടർന്നാണ് ഹരീഷ് ഹിപ്പാർഗി ഉത്പലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിന്നാലെ തലയറുത്ത് മാറ്റിയത്. പിന്നീട് യുവതിയുടെ തലയും ചില സാധനങ്ങളും ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അമ്മ വീട് വിട്ട് പശ്ചിമ ബംഗാളിലെ ഗ്രാമത്തിലേക്ക് പോയെന്ന് പ്രതി മകനോട് പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.