സ്ത്രീകളെ ഗള്‍ഫിലേക്ക് കടത്തുന്നു, രണ്ട് പേര്‍ കൂടി വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളം വഴി ഞായറാഴ്ച ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വ്യാജരേഖകള്‍ ഉണ്ടാക്കി ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ച മസ്‌കറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച 12 ആന്ധ്ര സ്വദേശിനികളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു. ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിങ് ഏജന്‍സികളാണ് യുവതികലെ കടത്തുന്നതെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപ ഈടാക്കിയാണ് യുവതികളെ കടത്തുന്നത്. സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങളാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

രാജ്യത്തെ പല വിമാനത്താവളങ്ങളിലൂടെയും ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നുണ്ട്. ജോലി തേടുന്ന യുവതികളെയാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിടുന്നത്. വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ ചെന്ന ശേഷം ജോലി തരപ്പെടുത്തി തരാമെന്നാണ് വാഗ്ദാനം. എന്നാല്‍ തൊഴില്‍ വിസ ലഭിക്കാതെ അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ജയിലിലാകുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്.