യൂത്ത് കോൺഗ്രസിൻറെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിലെത്തിയത്. സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രതിഷേധക്കാർ കുപ്പിയെറിഞ്ഞു.
അതിനിടെ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലേറിഞ്ഞതോടെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
പൊലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകയ്ക്കും, ലാത്തിച്ചാർജ്ജിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ യൂത്ത് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്
Read more
പൊലീസാണ് പ്രകോപനം ഉണ്ടാക്കിയതെന്നും. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും, ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്മാറുന്ന പ്രശ്‌നമില്ല. പിണറായിയുടെ പൊലീസിന്റെ ഹുങ്കിന് മുന്നിൽ കീഴടങ്ങില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.