കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയത് എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത്; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ശശി തരൂരിന്റെ ലേഖന വിവാദത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശശി തരൂരിന് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എകെ ആന്‍റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്. വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക. വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫ് ആണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more