രാജ്യത്തെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും 2021ഓടെ പ്രതിരോധ കോവിഡ് വാക്സിന് നൽകുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം തട്ടിപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്നാണ് ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.
“ആ അവകാശവാദം(18-വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നത്) വെറും തട്ടിപ്പാണ്. കേന്ദ്രം ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്സിന് നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല”- മമത മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമായി നല്‍കണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിന് ഡോസുകള്‍ക്കിടയിലുള്ള ഇടവേളകള്‍ പരിഗണിച്ചാല്‍, അര്‍ഹരായ വിഭാഗത്തിലുള്ളവര്‍ക്ക് മുഴുവന്‍ വാക്സിന് നല്കാന് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ വേണ്ടി വരുമെന്നും മമത പറഞ്ഞു. വാക്സിന് കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന അഭിപ്രായ സമന്വയത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പട്നായിക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തോട് യോജിക്കുന്നതായും മമത പറഞ്ഞു.
Read more
കേന്ദ്ര സർക്കാരും മമത ബാനർജിയും തമ്മിൽ പോര് രൂക്ഷമാകുന്നതിനിടെയാണ് കോവിഡ് വാക്സിൻ നൽകുന്നില്ലെന്ന ആരോപണവുമായി മമത രംഗത്ത് എത്തിയിരിക്കുന്നത്.