സ്ത്രീധന പീഡനം; ഇരുപതുകാരിയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു

സ്ത്രീധനത്തിന്റെ പേരിൽ തർക്കം. ഇരുപതുകാരിയെ ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗഞവീര സ്വദേശിനിയായ പായൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അനിൽ കുമാർ, ഭർതൃപിതാവ് മഹേന്ദ്ര സിങ്, ഭർതൃമാതാവ് യശോദ എന്നിവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഹരിലാൽ സിങ് ചന്ദപ്പ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ വർഷം മെയിലാണ് പായലും അനിൽ കുമാറുമായുള്ള വിവാഹം കഴിഞ്ഞത്. തൊട്ടു പിന്നാലെ സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ട് പായലിനെ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് ഹരിലാൽ പറഞ്ഞു.

യുവതിയുടെ മരണവിവരം ചിന്താഗർഹി സ്വദേശിയിൽ നിന്നാണ് വീട്ടുകാർ അറിഞ്ഞതെന്നും ഉടൻ സംഭവസ്ഥലത്തെത്തിയെങ്കിലും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചതെന്ന് ഭർതൃ വീട്ടുകാർ മൊഴി നൽകി.

Read more

സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. യുവതിയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.