5ജി സ്‌പെക്ട്രം ലേലം 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ഇതു സംബന്ധിച്ച ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് ലഭിക്കും. ടെലികോം മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ടെലികോം റെഗുലേറ്ററി ഘടന മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സെപ്തംബറില്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു.
അതേസമയം സ്പെക്ട്രം ലഭ്യതയ്ക്കായും, ക്വാണ്ടത്തിനുമായി നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനും, ഐഎസ്ആര്‍ഒയ്ക്കുമായി ധാരാളം സ്പെക്ട്രം ആവശ്യമുണ്ട്. പ്രതിരോധത്തിന് 3300 മുതല്‍ 3400 മെഗാഹെര്‍ട്സ് ബാന്‍ഡിലും ഐഎസ്ആര്‍ഒക്ക് 3400 മുതല്‍ 3425 മെഗാഹെര്‍ട്സ് ബാന്‍ഡിലുമാണ് നിലവില്‍ സ്പെക്ട്രം കൈവശമുള്ളത്.
5ജിക്ക് ആവശ്യമായ സ്പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 5ജി വിന്യാസത്തിന് 3.3 മുതല്‍ 3.6 ജിഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 100 മെഗാഹെര്‍ട്‌സ് 5ജി സ്പെക്ട്രം ആവശ്യമായി വരും.
ആറ് മാസത്തേക്ക് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് ഈ വര്‍ഷം മെയില്‍ ടെലികമ്യൂണിക്കേഷന്‍സ് അനുമതി നല്‍കിയിരുന്നു. ഉപകരണങ്ങള്‍ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനുമായി 2 മാസത്തെ സമയപരിധി ട്രയല്‍ കാലയളവിലേക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read more
അതേസമയം 5 ജിയുടെ പ്രയോജനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ നഗരപ്രദേശത്തിന് പുറമേ, ഗ്രാമീണ, അര്‍ദ്ധ നഗര ക്രമീകരണങ്ങളിലും പരീക്ഷണങ്ങള്‍ നടത്തേണ്ടിവരുമെന്നും വകുപ്പ് അറിയിച്ചു.