ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്ത്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്ന, വസ്‌തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളിൽ തയ്യാറാക്കിയ റിപ്പോർട്ടാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്‌സണ് ബന്ധമുണ്ടെനന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തൽ.
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ കമ്പനിയിലേക്ക് പണമെത്തിയ വിദേശ കമ്പനികളുടെ ഇടപാടുകൾ പൂർണ്ണമായും സുതാര്യമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റ് വ്യക്തികളുമായും കാര്യങ്ങളുമായും ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ റിപ്പോര്‍ട്ട് തള്ളി സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മാധബി പുരി ബുച്ച് പറഞ്ഞു. നിക്ഷേപങ്ങളെല്ലാം പരസ്യപ്പെടുത്തിയതാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും സെബി മേധാവി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു, ഇതിന്‍റെ പ്രതികാരമാണ് സ്വഭാവഹത്യയെന്നും മാധബിയും ധാവല്‍ ബുച്ചും പറയുന്നു.
അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ താല്പര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജെപിസി രൂപീകരിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഇഡി തയ്യാറാകുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.