ജനന തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി അറിയിപ്പ്. ജനന തീയതി തെളിയിക്കാൻ ആധാർ സ്വീകാര്യമല്ലെന്ന അറിയിപ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് പുറത്തിറക്കിയിരിക്കുന്നത്. ജനന തീയ്യതി നിർണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാർ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തിയതെന്ന് ജനുവരി16ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. ആധാർ ഒരു തിരിച്ചറിയൽ പരിശോധനാ രേഖയാണെന്നും അത് ജനന തീയതി പരിശോധിക്കാനുള്ള രേഖയല്ലെന്നും വിശദീകരണമുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും ആധാറിനെ ജനന തീയതി നിർണയത്തിനുള്ള രേഖയായി കണക്കാക്കാതിരിക്കാനുള്ള തീരുമാനത്തിന് ശക്തി പകരുന്നതാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കുന്നുണ്ട്.
Read more
ആധാർ ഒഴിവാക്കിതോടെ ഇനി ജനന തീയതി തെളിയിക്കാനുള്ള രേഖകൾ അംഗീകൃത സർക്കാർ ബോർഡ് അല്ലെങ്കിൽ സർവകലാശാല നൽകിയ മാർക്ക് ഷീറ്റ്, പേരും ജനന തീയതിയും രേഖപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സർവീസ് റെക്കോർഡുകൾ പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, സെൻട്രൽ/സ്റ്റേറ്റ് പെൻഷന് പേയ്മെന്റ് ഓർഡർ, സർക്കാർ നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്‍പോർട്ട്, സർക്കാർ പെൻഷൻ, സിവിൽ സർജൻ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ്.