ഡല്‍ഹി പോയി, സിഎം ആകാന്‍ കെജ്‌രിവാള്‍ പഞ്ചാബില്‍ കണ്ണുവെച്ചോ?; 20 ആപ് എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയില്‍; ചിരിച്ചു തള്ളി മുഖ്യമന്ത്രി ഭഗവന്ത് മന്‍

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി പരാജയത്തിനും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്റെ സീറ്റിലെ ദയനീയമായി പരാജയത്തിനും ശേഷം പഞ്ചാബില്‍ ആപ്പില്‍ പ്രതിസന്ധി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ തിരിഞ്ഞു വിഭാഗീയ ചര്‍ച്ചകളില്‍ മുഴുകിയതോടെ പഞ്ചാബില്‍ വലിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നുണ്ട്. ഭഗവന്ത് മന്നിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ 20ല്‍ അധികം ആപ് എംഎല്‍എമാര്‍ തയ്യാറല്ലെന്നും ഇവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്നുമാണ് പുറത്തുവന്ന വിവരം. ഇതിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് മന്നിനെ മാറ്റിനിര്‍ത്തുമെന്ന വാര്‍ത്തയും പ്രചരിച്ചു.

കാര്യങ്ങള്‍ പ്രചരിക്കുന്നതിന് ഇടയില്‍ കോണ്‍ഗ്രസിന്റെ പ്രതാപ് സിങ് ബാജ്‌വാ താനുമായി 20 ആപ് എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയെന്ന് വെളിവാക്കിയതും ആംആദ്മിയ്ക്ക് തിരിച്ചടിയായി. ഇതിനിടയില്‍ ഡല്‍ഹിയില്‍ വെച്ച് ചേര്‍ന്ന ആപ് യോഗത്തില്‍ ഭഗവന്ത് മന്‍ പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ പടര്‍ന്നു. മന്നിനൊപ്പം പഞ്ചാബിലെ എംഎല്‍എമാരും ആംആദ്മി മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും കെജ്രിവാളിന് മുന്നില്‍ യോഗത്തിനെത്തിയിരുന്നു. ആംആദ്മി നേതാക്കളുടെ ഡല്‍ഹിയിലെ അടിയന്തര യോഗവും അഭ്യൂഹങ്ങള്‍ ബലപ്പെടുത്തി.

പഞ്ചാബ് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി യോഗം ചേര്‍ന്നതില്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളിലെ അസ്വാരസ്യം പുറത്തുവന്നിരുന്നു. യോഗശേഷം എന്നാല്‍ പഞ്ചാബില്‍ ആപ്പിന് മുഖ്യമന്ത്രി മാറ്റമുണ്ടാകുമോയെന്ന ചോദ്യം ചിരിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ചെയ്തത്. കെജ്രിവാളും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും എല്ലാ പഞ്ചാബ് എംഎല്‍എമാരും മറ്റ് പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരും ഡല്‍ഹിയിലെ എഎപി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി പോയതിനാല്‍ മന്നിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി സ്വയം മുഖ്യമന്ത്രിയാകാന്‍ കെജ്രിവാള്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് മജീന്ദര്‍ സിംഗ് സിര്‍സയാണ് അവകാശപ്പെട്ടത്. എഎപി ദേശീയ കണ്‍വീനര്‍ കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി മന്നിനെ ‘അയോഗ്യന്‍’ എന്ന് മുദ്രകുത്തി പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം.

Read more

കെജ്‌രിവാളിന്റെ തന്ത്രമാണ് പഞ്ചാബില്‍ മന്നിനെതിരെ പുകയുന്നതെന്ന് ആക്ഷേപമുയരുമ്പോള്‍ ഭഗവന്ത് മന്‍ എല്ലാം തള്ളിക്കളയുകയാണ്. 20 എംഎല്‍എമാര്‍ തങ്ങളുമായി സംസാരിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വയുടെ വാദത്തില്‍ അയാള്‍ ഇത് മൂന്നുകൊല്ലമായി പറയുന്നതാണെന്നും മന്‍ പ്രതികരിച്ചു. അവിടെ എംഎല്‍എമാരുടെ കണക്കെടുക്കുന്നതിന് പകരം ഡല്‍ഹിയില്‍ മൂന്ന് പ്രാവശ്യമായി കോണ്‍ഗ്രസിന് എത്ര എംഎല്‍എമാരുണ്ടെന്ന ചോദ്യം ചോദിയ്ക്കുവെന്നും മന്‍ പരിഹസിച്ചു.
2022ലെ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117ല്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തത്. നിലവില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് മൂന്ന് എംഎല്‍എമാരുമുണ്ട് പഞ്ചാബില്‍.