അമുല്‍ അല്ലിത് അമേദ്യം, ഐസ്‌ക്രീമില്‍ കണ്ടെത്തിയത് പഴുതാര; മനുഷ്യ വിരലിന് പിന്നാലെ പഴുതാര ചര്‍ച്ചയാകുന്നു

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ബട്ടര്‍ സ്‌കോച്ച് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ കിട്ടിയതിന് പിന്നാലെ ഐസ്‌ക്രീമില്‍ നിന്ന് പഴുതാരയെ ലഭിച്ച വാര്‍ത്ത ചര്‍ച്ചയാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡ സ്വദേശി ദീപ ദേവി ബ്ലിന്‍കിറ്റ് എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത അമുല്‍ ഐസ്‌ക്രീമിലാണ് പഴുതാരയെ കണ്ടെത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദീപ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇതോടകം വൈറലായിട്ടുണ്ട്. നിരവധിയാളുകള്‍ കമ്പനിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ദീപ ബ്ലിന്‍കിറ്റില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബ്ലിന്‍കിറ്റ് ഐസ്‌ക്രീമിന്റെ വിലയായ 195 രൂപ പരാതിക്കാരിയ്ക്ക് തിരികെ നല്‍കി.

പരാതിയുടെ വിവരങ്ങള്‍ ബ്ലിന്‍കിറ്റ് അമുലിനെ അറിയിച്ചതായും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മുംബൈയിലെ യുവ ഡോക്ടര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ബട്ടര്‍ സ്‌കോച്ച് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ ലഭിച്ചത്. സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ആപ്പിലൂടെയായിരുന്നു ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസ് ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ലഭിച്ചത് മനുഷ്യ വിരല്‍ ആണെന്ന് പൊലീസ് സ്ഥിരീകരണവും ഉണ്ടായി. സെപ്‌റ്റോയില്‍ പലചരക്ക് സാധനങ്ങള്‍ക്കൊപ്പമായിരുന്നു ഐസ്‌ക്രീം വാങ്ങിയത്.