എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആറ് പേജുള്ള കുറിപ്പെഴുതിവെച്ച് വ്യവസായിയും ഭാര്യയും ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. കോൺഗ്രസ് അനുഭാവിയായ വ്യവസായി മനോജ് പർമറും ഭാര്യ നേഹ പർമറുമാണ് ജീവനൊടുക്കിയത്. ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് മനോജിനെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസ്. ഇക്കഴിഞ്ഞ ഡിസംബറിൽ മനോജിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
മനോജ് പർമറുടെയും ഭാര്യയുടെയും മരണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധിക്ക് ദമ്പതികളുടെ മക്കൾ ഒരു കുടുക്ക സമ്മാനിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനോജ് പർമറിനെ ഇഡി വേട്ടയാടിയെന്നുമാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത്.
Read more
മനോജിന്റെയും ഭാര്യയുടെയും ആത്മഹത്യയല്ല, മറിച്ച് കൊലപാതകമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.