അമര്‍നാഥ് ക്ഷേത്രത്തില്‍ മന്ത്രോച്ചാരണവും മണിയടിയും വിലക്കി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. മന്ത്രോച്ചാരണവും മണിയടികളും ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി.
അമര്‍നാഥ് ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികള്‍ക്ക് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഏര്‍പ്പാടാക്കിയ സൗകര്യങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ക്ഷേത്രംബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
മണിയടിക്കും മന്ത്രോച്ചാരണത്തിനുമുള്ള വിലക്ക് കൂടാതെ തീര്‍ത്ഥാടകരുടെ ജയ് വിളികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ ചെക്ക് പോയിന്റില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കായി ഒറ്റ വരി മാത്രമെ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. ട്രൈബ്യുണലിന്റെ ഉത്തരവ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ ക്ഷേത്രം ഭാരവാഹികള്‍ നടപടി നേരിടേണ്ടി വരുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗുഹയിലൂടെ കടന്നുപോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുത്. വിശ്വാസികള്‍ക്ക് തങ്ങളുടെ കൈവശമുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി സ്റ്റോര്‍റൂം നിര്‍മ്മിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് അപകടം സംഭവിക്കുന്നത് തടയാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിലുണ്ട്.
ജമ്മു കശ്മീരിലുള്ള വൈഷ്ണോ ദേവി ക്ഷേത്രത്തിനും കഴിഞ്ഞ മാസം ഹരിത ട്രൈബ്യൂണല്‍ സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
Read more
ശ്രീനഗറില്‍നിന്ന് ഏകദേശം 136 കിലോമീറ്റര്‍ വടക്കുകിഴക്കായി സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. 400 വര്‍ഷം മുമ്പാണ് ഈ ഗുഹയും ശിവലിംഗവും ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് വിശ്വാസികളും വിനോദ സഞ്ചാരികളുമടക്കം നിരവധിപേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.