മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെ കുറിച്ച് പ്രവാസി മലയാളി അനിത പുല്ലയിലിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മോൻസന്റെ മുൻ ഡ്രൈവർ അജിയുടെതാണ് അനിത പുല്ലയിലിന് എതിരെയുള്ള അവകാശവാദം. മോൻസന്റെ പുരാവസ്തു ശേഖരത്തിലുള്ളത് വ്യാജസാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോൻസന്റെ മുൻ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നുവെന്നും അജി പറയുന്നു.
തട്ടിപ്പ് മനസ്സിലായതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം പുലർത്തിയിരുന്നു എന്നും രാജകുമാരിയിൽ നടന്ന മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായി പങ്കെടുത്തിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ. മോൻസന്റെ വീട്ടിൽ അനിത ഒരാഴ്ച താമസിച്ചിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്റെ പുരാവസ്തു മ്യൂസിയം പ്രവർത്തിച്ചിരുന്നു.
മോൻസന് പ്രവാസി മലയാളികളെ പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നാണ് പറയപ്പെടുന്നത്. അതിനിടെ അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നിട്ടുണ്ട്. മോൻസനുമായി തെറ്റിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെളിവുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.
Read more
മോൻസന്‍ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മോൻസന്റെ തട്ടിപ്പ് പുറത്തെത്തിച്ചത് താനാണെന്നും മോന്‍സന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലടക്കമുള്ള ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നും അനിത പുല്ലയില്‍ പറഞ്ഞിട്ടുണ്ട്. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇറ്റലിയിലുള്ള അനിതയെ നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.