അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും എല്ലായിപ്പോഴും ഏറെ ചര്‍ച്ചയാകാറുണ്ട്. യുഎസിലെ ഏര്യ 51 ഉള്‍പ്പെടെയുള്ള അജ്ഞാത പ്രദേശങ്ങളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അന്യഗ്രഹ ജീവികളുമായി മനുഷ്യന് ഇടപെടലുണ്ടെന്ന തരത്തിലാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പങ്കുവച്ച ചില വിലയിരുത്തലുകളാണ് ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. നമ്മുടെ പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും അവര്‍ മനുഷ്യരേക്കാളും ആയിരം വര്‍ഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാദം.
ഒരു പോഡ് കാസ്റ്റില്‍ സംസാരിക്കുമ്പോഴായിരുന്നു എസ് സോമനാഥിന്റെ വിശദീകരണം. നിങ്ങളെക്കാള്‍ 200 വര്‍ഷം പിറകില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെക്കുറിച്ചും 1000 വര്‍ഷം മുന്നില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കല്‍പ്പിച്ചു നോക്കൂ എന്നായിരുന്നു അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ് സോമനാഥ് സംസാരിച്ചുതുടങ്ങിയത്.
സാങ്കേതികവിദ്യാപരമായും പരിണാമപരമായും ചിലപ്പോള്‍ മനുഷ്യരേക്കാള്‍ ആയിരം വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കുന്നവര്‍ ഇവിടെ ഉണ്ടാകാമെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. നമുക്ക് മനസിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അവര്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുകയോ സംവദിക്കുകയോ ചെയ്യുന്നുണ്ടാകാം. കോസ്മിക് ജീവികളില്‍ താരതമ്യേന പുതിയ ആളുകളായിരിക്കാം മനുഷ്യരെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.
Read more
അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ ഇതുവരെ സമ്പര്‍ക്കം പുലര്‍ത്താത്തതില്‍ സന്തുഷ്ടനാണെന്നും സോമനാഥ് പറഞ്ഞു. ഭൂമിയിലെ ജീവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് പരിണമിച്ചത്. അന്യഗ്രഹ ജീവികള്‍ വ്യത്യസ്തമായ ജനിതക, പ്രോട്ടീന്‍ ഘടനകള്‍ ഉള്ളവരായിരിക്കാം. അവരുമായുള്ള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാകും, കാരണം ഒരു ജീവിതരീതി മറ്റൊന്നില്‍ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിശദീകരിച്ചു.