രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയ്‌ക്കായുള്ള നടപടികൾ ശക്തമായ രീതിയിൽ പുരോഗമിക്കുമ്പോഴും സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീ സുരക്ഷ ഇപ്പോൾ ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വലിയ തോതിൽ ഉയർന്നു. സ്ത്രീകൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കും, പ്രത്യേകിച്ച് രാത്രിയിൽ. നിർഭാഗ്യവശാൽ നിരന്തരമായ ഭയത്തിൽ ജീവിക്കുന്ന നമ്മുടെ രാജ്യത്തിൻ്റെ സങ്കടകരമായ യാഥാർത്ഥ്യമാണിത്.
നഗരത്തിൽ രാത്രിസമയത്ത് സ്ത്രീകളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി ഒരു വനിതാ എസിപി നടത്തിയ പരിശോധനയാണ് ഇവിടെ ശ്രദ്ധനേടുന്നത്. ആഗ്രയിലാണ് സംഭവം. ആഗ്ര എസിപി സുകന്യ ശർമയാണ് ഇത്തരത്തിൽ ഒരു പരിശോധനയ്ക്ക് ഇറങ്ങിത്തിരിച്ചത്. സ്ത്രീകളുടെ സുരക്ഷ പരിശോധിക്കാനായി സാധാരണ വേഷത്തിൽ ആഗ്ര നഗരത്തിൽ അവർ രാത്രി യാത്ര ചെയ്തു. വിനോദസഞ്ചാരിയെന്ന് പറഞ്ഞ് ഒറ്റയ്ക്ക് ഓട്ടോയിലായിരുന്നു നഗരത്തിലൂടെ എസിപിയുടെ യാത്ര.
യാത്രയിൽ പൊലീസിൻ്റെ ഹെൽപ്പ്ലൈൻ നമ്പറുകളിലേക്ക് ഉൾപ്പെടെ വിളിച്ച് എസിപി ഇവയുടെ പ്രവർത്തനവും വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി ആഗ്ര കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷന് പുറത്തുനിന്നാണ് എസിപി സുകന്യ ശർമ സാധാരണവേഷത്തിലെത്തി യാത്ര ആരംഭിച്ചത്. അർധരാത്രി പോലീസിൻ്റെ അടിയന്തര സഹായത്തിനുള്ള നമ്പറായ 112-ലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചായിരുന്നു യാത്രയുടെ തുടക്കം.
താൻ വിനോദ സഞ്ചാരിയാണെന്നും വിജനമായ റോഡിൽ ഒറ്റയ്ക്ക് നിൽക്കുകയാണെന്നും ഭയം തോന്നുന്നുണ്ടെന്നുമാണ് എസിപി പൊലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112-ൽ വിളിച്ചുപറഞ്ഞത്. പൊലീസിന്റെ സഹായം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ ഫോൺ ഓപ്പറേറ്റർ യുവതി നിൽക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചുമനസിലാക്കി. സുരക്ഷിതമായ സ്ഥലത്ത് നിൽക്കണമെന്നും ഉടൻ സഹായത്തിന് പോലീസെത്തുമെന്നും അറിയിച്ചു.
ഇതിന് പിന്നാലെ എസിപിക്ക് വനിതാ പൊലീസിന്റെ പട്രോളിങ് സംഘത്തിൽ നിന്ന് വിളിയെത്തി. ഭയപ്പെടേണ്ടെന്നും പൊലീസ് സംഘം സ്ഥലത്തേക്ക് അടുത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഇവർ അറിയിച്ചു. ഇതോടെ താൻ എസിപിയാണെന്നും രാത്രി പോലീസിന്റെ സേവനങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്ന് മനസിലാക്കാനായാണ് ഫോൺ വിളിച്ചതെന്നും സുകന്യ ശർമ വെളിപ്പെടുത്തി. പൊലീസുകാർ തന്റെ പരിശോധനയിൽ വിജയിച്ചെന്നും ഇവർ അറിയിച്ചു.
പൊലീസ് സേവനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയശേഷമാണ് എസിപി സാധാരണവേഷത്തിൽ നഗരത്തിൽ രാത്രി ഒറ്റയ്ക്ക് ഓട്ടോയിൽ യാത്രചെയ്തത്. പോകേണ്ട സ്ഥലം പറഞ്ഞ് യാത്രാക്കൂലി എത്രയാകുമെന്ന മറുപടി കിട്ടിയതിന് ശേഷമാണ് എസിപി ഓട്ടോയിൽ കയറിയത്. യാത്രയ്ക്കിടെ നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും എസിപി ഓട്ടോഡ്രൈവറോട് തിരക്കി. യൂണിഫോം ധരിക്കാത്ത കാര്യവും ചോദിച്ചു. പോലീസ് തന്നെ പരിശോധിച്ചതാണെന്നും ഉടനെ തന്നെ യൂണിഫോം ധരിച്ച് ഓട്ടോ ഓടിക്കുമെന്നുമായിരുന്നു ഇയാളുടെ മറുപടി.
പിന്നീട് ഓട്ടോഡ്രൈവർ പറഞ്ഞിയിടത്ത് എസിപിയെ സുരക്ഷിതമായി ഇറക്കി. ഇതോടെ ഓട്ടോ ഡ്രൈവറും തൻ്റെ സുരക്ഷാപരിശോധനയിൽ വിജയിച്ചെന്നായിരുന്നു എസിപിയുടെ പ്രതികരണം. 33-കാരിയായ എസിപിയുടെ വ്യത്യസ്‌തമായ പരിശോധനരീതി ഇതിനോടകം സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയിട്ടുണ്ട്. ആക്ടിവിസ്റ് ദീപിക നാരായണൻ ഭരദ്വാജ് ഉൾപ്പെടെയുള്ളവർ എസിപി സുകന്യ ശർമയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത് യഥാർത്ഥത്തിൽ “സ്ത്രീ സുരക്ഷയിലേക്കുള്ള ആദ്യത്തെ ശരിയായ ചുവടുവെപ്പ്” ആണെന്നും എല്ലാ നഗരത്തിലും പൊലീസുകാർ ഇത്തരം പരിശോധന നടത്തണമെന്നും ഇത്തരം പരിശോധനകളിലൂടെ സാധാരണക്കാർ രാത്രിസമയത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കാൻ കഴിയുമെന്നും ദീപിക ഭരദ്വാജ് സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചിട്ടുണ്ട്.
That’s actually the first right step towards women safety. Police in every city should do this. Become a common man and experience the city yourself to know the problems people face at night. Good Job by Dr. Sukanya Sharma https://t.co/Ni3vg1iqW7
— Deepika Narayan Bhardwaj (@DeepikaBhardwaj) September 28, 2024