ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ഹോക്കി ഗോളുകൾ രാജ്യം ആഘോഷിക്കുമ്പോൾ കുറച്ച് പേർ സെൽഫ് ഗോളുകൾ അടിക്കുന്ന തിരക്കിലാണെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. പെഗാസസ് വിഷയത്തിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന് ആറ് ടിഎംസി എംപിമാരെ ഇന്നലെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.
“ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു,” പാർലമെന്റിലെ പ്രക്ഷുബ്ധതയ്‌ക്കെതിരെ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ട് മോദി പറഞ്ഞു.
“ഒരു വശത്ത്, രാജ്യം ഹോക്കി ഗോളുകൾ ആഘോഷിക്കുമ്പോൾ, ഇവിടെ, കുറച്ച് ആളുകൾ സെൽഫ് ഗോൾ അടിക്കുന്നു. ഈ രാജ്യത്തിന്റെ പുരോഗതി തടയാൻ അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. അവർ പാർലമെന്റ് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു, പക്ഷേ ജനങ്ങൾ ഇത് സഹിക്കില്ല,” മോദി പറഞ്ഞു.
എല്ലാ തടസ്സങ്ങളും ഉണ്ടായിട്ടും ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും “നെഗറ്റീവ് ആളുകൾക്ക്” രാജ്യത്തിന്റെ വളർച്ച തടയാനാവില്ലെന്നും മോദി പറഞ്ഞു.
Read more
“എല്ലാ തടസ്സങ്ങൾക്കിടയിലും രാജ്യം മുന്നേറുകയാണ്. പ്രതിപക്ഷം രാജ്യത്തിന്റെ വളർച്ചയുടെ പാത കാണണം – പ്രതിരോധ കുത്തിവെയ്പ്പ് 50 കോടിയിലെത്താറായി. ജൂലൈ മാസത്തിൽ ജിഎസ്ടി ശേഖരം ഉയർന്നു. സമ്പദ്‌വ്യവസ്ഥ എങ്ങനെ പോസിറ്റീവ് ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഇത് കാണിക്കുന്നു. കാർഷിക കയറ്റുമതിയിലും എഫ്ഡിഐയിലും നമ്മൾ അസാധാരണമായ വളർച്ച കൈവരിച്ചു. ഐഎൻഎസ് വിക്രാന്ത് പരീക്ഷണം മെയ്ഡ് ഇൻ ഇന്ത്യ ആശയത്തിന്റെ ഉദാഹരണമാണ്. ലഡാക്കിൽ ഡെർസ്റ്റ് മോട്ടോറബിൾ റോഡ് പ്രവർത്തനക്ഷമമാണ്,” മോദി പറഞ്ഞു.