ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് അതോറിറ്റിയുടെ കർശന നിർദേശം.
ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനും വിളമ്പുന്നതിനും സൂക്ഷിക്കുന്നതിനും പത്രങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷ്യ വിൽപ്പനക്കാരോടും എഫ്എസ്എസ്എഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ജി കമലാ വർധന റാവു ശക്തമായി അഭ്യർത്ഥിച്ചു.
ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതൽ പത്രകടലാസ് ഉപയോഗിക്കരുത്. ഈയം ഉൾപ്പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങൾ അടങ്ങിയതാണ് ന്യൂസ് പേപ്പറിലെ മഷി. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. കൂടാതെ വിതരണം ചെയ്യുന്ന സമയത്ത് പല വിധത്തിലുള്ള ബാക്ടീരിയകളും വൈറസുകളും മൂലം പത്രങ്ങൾ മലിനമാകും. ഇതും വിവിധ തരത്തിലുള്ള ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുമെന്ന് എഫ്എസ്എസ്എഐ അറിയിക്കുന്നു.
Read more
സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേർന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്രകടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അധികൃതർ. ഭക്ഷണം വിളമ്പാനോ പാക്ക് ചെയ്യാനോ ആരും പത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എഫ്എസ്എസ്എഐ ഇപ്പോൾ സംസ്ഥാന ഭക്ഷ്യ വകുപ്പ് അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.