രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. അത്തരം സംഭവങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന പ്രതികളോട് പൊതുജനങ്ങള്‍ പ്രകടിപ്പിക്കുന്ന വെറുപ്പും പതിവാണ്. എന്നാല്‍ തട്ടിക്കൊണ്ടുപോയ പ്രതിയോട് സ്‌നേഹത്തിലാകുന്ന ഇരയുടെ കഥകള്‍ നാം സിനിമയില്‍ മാത്രം കണ്ടുപരിചയിച്ചവയാണ്.
യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുമെന്നതിന്റെ തെളിവാണ് ജയ്പൂരില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തട്ടിക്കൊണ്ടുപോയ പ്രതിയുമായി ഇരയായ കുട്ടിയുടെ അടുപ്പമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമ്മയുടെ പക്കലേക്ക് പോകാന്‍ വിസമ്മതിച്ച് പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്ന പൃഥ്വി എന്ന രണ്ടുവയസുകാരനാണ് വൈറലായിരിക്കുന്നത്.
ജയ്പൂരിലെ സംഗനേര്‍ സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2023 ജൂണ്‍ 14ന് സംഗനേര്‍ പരിസരത്ത് നിന്ന് 11 മാസം മാത്രം പ്രായമുള്ള പൃഥ്വിയെ പ്രതി തനൂജ് ചാഹര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നേരത്തെ യുപി പൊലീസിന്റെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളാണ് തനൂജ് ചാഹര്‍.
പ്രതിയെ നേരത്തെ യുപി പൊലീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് തനൂജെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ തനൂജ് 14 മാസം തടവില്‍ പാര്‍പ്പിച്ചിരുന്നു. കുട്ടിയുടെ മാതാവും പരാതിക്കാരിയുമായ പൂനം ചൗധരിയെയും മകനെയും തനിക്കൊപ്പം താമസിപ്പിക്കാന്‍ തനൂജ് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ പൂനം ചൗധരി ആഗ്രഹം നിഷേധിച്ചതോടെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് സന്യാസിയുടെ രൂപത്തില്‍ താടിയും മുടിയും വളര്‍ത്തി തനൂജ് യമുന നദിയ്ക്ക് സമീപം ഖാദര്‍ പ്രദേശത്ത് ഒളിവില്‍ കഴിഞ്ഞു. ഈ കാലയളവിലൊന്നും പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല.
തനൂജിന്റെ തലയ്ക്ക് ഒടുവില്‍ 25,000രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 14 മാസത്തിനിടെ പ്രതിയും കുട്ടിയുമായി വലിയ അടുപ്പത്തിലായി. പൃഥ്വി ആവശ്യപ്പെടുന്നതെല്ലാം തനൂജ് വാങ്ങി നല്‍കി. ഒടുവില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയ്ക്കാന്‍ സാധിക്കാത്ത അത്രയും അടുപ്പത്തിലുമായി.
Read more
ഓഗസ്റ്റ് 27ന് പ്രതിയെ പിടികൂടുമ്പോള്‍ ഇയാള്‍ അലിഗഢിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. തനൂജിനെ പിടികൂടി കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിയെ പിടി വിടാതെ കെട്ടിപ്പിടിച്ച് കരയുന്ന പൃഥ്വിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. തനൂജ് ഈ സമയം വികാരനിര്‍ഭരനാകുന്നതും വീഡിയോയില്‍ കാണാം. പൊലീസ് പ്രതിയില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തി അമ്മയെ ഏല്‍പ്പിച്ചെങ്കിലും പൃഥ്വി കരച്ചില്‍ തുടര്‍ന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.