ബംഗളൂരുവിലെ കൂട്ടബലാത്സംഗവും കൊലപാതകവും; രണ്ട് പ്രതികള്‍ പിടിയിലായി; മൂന്നാമനായി പൊലീസ് അന്വേഷണം തുടരുന്നു

ബംഗളൂരുവില്‍ ഇസ്രയേലി വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. മൂന്നംഗ സംഘമാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നിലുള്ളത്. മൂന്നാമനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണത്തിലാണ്.

ഗംഗാവതി സ്വദേശികളായ സായ് ചേതന്‍, മല്ലേഷ് എന്നിവരാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനം, കൂട്ടബലാത്സംഗം, കവര്‍ച്ച കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തി കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ യുവതികള്‍ നിലവില്‍ ചികിത്സയിലാണ്.

ഇരുവരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിബാഷിന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30ന് കൊപ്പലിലെ കനാലിനടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്നംഗ സംഘമാണ് രണ്ട് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയത്.

കുറ്റകൃത്യത്തിനു മുന്‍പ് സ്ത്രീകളോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രികരെയും കനാലിലേക്ക് തള്ളിയിടുകയായിരുന്നു. അമേരിക്കക്കാരനായ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവര്‍ കനാലില്‍ നിന്ന് നീന്തിക്കയറിയെങ്കിലും ബിബാഷിന് രക്ഷപ്പെടാനായില്ല. ബൈക്കിലെത്തിയ അക്രമികള്‍ അടുത്ത് എവിടെയാണ് പെട്രോള്‍ ലഭിക്കുക എന്ന് അന്വേഷിച്ചു.

Read more

പിന്നാലെ പണം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ സഞ്ചാരികളെ ആക്രമിക്കാന്‍ തുടങ്ങി. പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടു. ഇസ്രയേലി യുവതിയേയും ഹോംസ്റ്റേ ഉടമയായ 29-കാരിയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു എന്നുമാണ് പരാതിയിലുള്ളത്.