ബി.ജെ.പി കുരുക്കില്‍; ലഡാക്കില്‍ പണമടങ്ങിയ കവറുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ലഡാക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയും പണം കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജമ്മുകാശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും എം.എല്‍.എയായ വിക്രം രണ്‍ദ് വെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നതായി സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്.

ബി.ജെ.പി. മാധ്യമ പ്രവര്‍ത്തകരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ശരി വെച്ചതിനു പിന്നാലെയാണ് സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തായത്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രവീന്ദര്‍ റെയ്‌ന നേരത്തെ ആരോപണം നിഷേധിക്കുകയും പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും പറഞ്ഞിരുന്നു. കവറില്‍ നല്‍കിയത് നിര്‍മലാ സീതാരാമന്റെ തിരഞ്ഞെടുപ്പ് റാലിയുടെ ക്ഷണക്കത്താണെന്നായിരുന്നു ബി.ജെ.പി വിശദീകരിച്ചത്.

ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണമടങ്ങിയ കവര്‍ കൈമാറിയെന്ന് റിന്‍ചന്‍ അഗ് മെ എന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു ആദ്യം തുറന്നു പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അപമാനകരമാണെന്നും ആരും ബി.ജെ.പി. നീട്ടിയ പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പ്രസ്‌ ക്ലബ് പരാതിയില്‍ വിശദീകരിച്ചിരുന്നു. ബി.ജെ.പി നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രസ് ക്ലബ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ലേയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.