ഗോധ്ര ട്രെയിന്‍ സംഭവവും ഗുജറാത്ത് കലാപവും; എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

The ghost of Godhra still Haunts You (ദ ഗോസ്റ്റ് ഓഫ് ഗോധ്ര സ്റ്റില്‍ ഹോണ്ട്‌സ് യു, ഗോധ്രയുടെ പ്രേതം നിങ്ങളെ വേട്ടയാടുന്നില്ലേ?), 2007ല്‍ കരണ്‍ ഥാപ്പര്‍ എന്ന ജേണലിസ്റ്റ് മുഖത്ത് നോക്കി ചോദിച്ച ചോദ്യത്തിന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് മൈക്ക് ഊരിവെച്ചു ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഇന്നും തേച്ചുമാച്ചു കളയാന്‍ കഴിയാത്ത വീഡിയോ ശകലമാണ്. പ്രേം ശങ്കര്‍ ജാ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് Godhra, Where the fall of India’s Democracy began എന്നാണ്. ഇന്ത്യയുടെ ജനാധിപത്യം വീണടിയാന്‍ തുടങ്ങിയ ഇടമെന്ന്. 2002 ഫെബ്രുവരി 27-ന് കത്തിയെരിഞ്ഞ തീവണ്ടിയും – അതിനു ചുറ്റും കെട്ടിച്ചമച്ച നുണകളും വ്യാജ പ്രചാരണങ്ങളും പിന്നീടുണ്ടായ കലാപവും നരേന്ദ്ര മോദിയെ ഗുജറാത്തില്‍ അധികാരത്തില്‍ നിലനിര്‍ത്തുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള പാതയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തുവെന്ന് ആ ലോഖനത്തില്‍ പ്രേം ശങ്കര്‍ ജാ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ഇനി പ്രേം ശങ്കര്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സഭയിവും ലോകബാങ്കിലും സേവനമനുഷ്ടിക്കുകയും പിന്നെ മുന്‍ പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ ഉപദേശകനുമായി പ്രവര്‍ത്തിയ്ക്കുകയും ചെയ്ത ആളെ രാഷ്ട്രീയത്തിന്റെ അളവുകോലില്‍ ഖണ്ഡിച്ചാലും ചരിത്രം തിരുത്തപ്പെടുകയില്ല. 2001ല്‍ ആണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കേശുഭായി പട്ടേല്‍ എന്ന ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് മോദി ആ സ്ഥാനത്തേക്ക് വരുന്നത്. 98ലാണ് ആ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മൂന്ന് കൊല്ലം കേശുഭായ് പട്ടേല്‍ ഭരിച്ചു, അന്ന് ഉപമുഖ്യമന്ത്രിയാകാന്‍ മോദിയെ വിളിച്ചെങ്കിലും എല്‍കെ അദ്വാനിയോടും എ ബി വാജ്‌പേയോടും മോദി പറഞ്ഞത്, ‘going to be fully responsible for Gujarat or not at all’ ഒന്നെങ്കില്‍ ഗുജറാത്തിന്റെ പൂര്‍ണ ചുമതലക്കാരനാകും അല്ലെങ്കില്‍ മറ്റൊന്നിനും ഇല്ല’. അങ്ങനെ ഉപ സ്ഥാനം ഒഴിവാക്കി മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിരുന്ന നരേന്ദ്ര മോദിയ്ക്ക് കേശുഭായ് പട്ടേലിന്റെ അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം 2001 ഒക്ടോബറില്‍ കിട്ടുന്നു. അഞ്ച് മാസത്തിന് ശേഷം മോദി ഭരണത്തില്‍ നിര്‍ണായകമായ രണ്ട് കാര്യങ്ങള്‍ 2002 ഫെബ്രുവരിയില്‍ സംഭവിക്കുന്നു. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ഫെബ്രുവരി 24ന് ബൈ ഇലക്ഷനില്‍ വിജയിച്ച് ഗുജറാത്ത് നിയമസഭയിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദിയെത്തി. പിന്നീടാണ് ഫെബ്രുവരി 27ന് ഗോധ്ര സംഭവവും അതിന് ശേഷം മൂന്ന് ദിവസക്കാലത്തേക്ക് സര്‍ക്കാരും പൊലീസും നോക്കുകുത്തിയായി നിന്നുണ്ടായ വംശഹത്യയുടെ ചോരമണക്കുന്ന ചരിത്രവും.

2002 ജൂണ്‍ വരെ നീണ്ടു നിന്ന കലാപാന്തരീക്ഷത്തില്‍ നിന്ന് 2003ല്‍ നടക്കേണ്ടിയിരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2002 ഡിസംബറിലേക്ക് നേരത്തെയാക്കി അധികാരം പിടിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നീട് ഇന്ന് വരെ ഗുജറാത്തില്‍ അധികാര കസേരയില്‍ നിന്നിറങ്ങിയിട്ടില്ല. ഭയവും ഭീതിയും വര്‍ഗീയ ധ്രുവീകരണവും കൊണ്ട് അന്ന് തിരഞ്ഞെടുപ്പ് ജയിച്ചവര്‍ ഇന്ന് തുടര്‍ച്ചയായി രാജ്യം ഭരിക്കുന്നതിലേക്ക് എത്തി. അവിടെയാണ് പ്രേം ശങ്കര്‍ ജായുടെ Godhra, Where the fall of India’s Democracy began എന്ന വാചകം പ്രസക്തമാകുന്നത്.

ഇനി എന്തുകൊണ്ടാണ് ഗുജറാത്ത് കലാപത്തിന്റെ ചരിത്രം മുന്നിലേക്ക് എത്തുമ്പോള്‍ സംഘപരിവാര്‍ ഒന്നടങ്കം പ്രകോപിതരാകുന്നത്. അതൊരു ഹിന്ദു- മുസ്ലീം കലാപം എന്ന് അവര്‍ പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നതിനപ്പുറം ഹിന്ദുത്വ ശക്തികള്‍ നടത്തിയ വംശഹത്യ എന്ന് വരുന്നതിനെ രാഷ്ട്രീയമായി അവര്‍ ഭയപ്പെടുന്നുവെന്നതാണ്. ഗുജറാത്ത് കലാപത്തിലെ ഏറ്റവും ഭീകര ഏടുകളില്‍ ഒന്നായ നരോദപാട്യ കൂട്ടകൊലയുടെ മുഖ്യ പ്രതികളില്‍ ഒരാളായ ബാബു ബജ്‌റംഗി എന്ന ബജ്‌റംഗ്ദള്‍ നേതാവിന്റെ പേര് എമ്പുരാനില്‍ സമാനതയോടെ പരാമര്‍ശിക്കപ്പെടുന്ന ഇടത്താണ് സംഘപരിവാരം ഇടയുന്നത്. അയാള്‍ക്കൊപ്പമുള്ള നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും എല്‍കെ അദ്വാനിയുടേയും ചിത്രം പ്രചരിക്കുന്ന ഇടത്താണ് ചരിത്രത്തെ അവര്‍ ഭയക്കുന്നത്. ഞാന്‍ അവരെ ആസ്വദിച്ചു കൊന്നവെന്ന് തെഹല്‍കയുടെ സ്റ്റിങ് ഓപ്പറേഷനില്‍ തുറന്നുപറഞ്ഞ ബാബു ബജ്‌റംഗി അടക്കം നരോദപാട്യ കൂട്ടക്കൊലയില്‍ പ്രതിയായ ഗുജറാത്ത് മന്ത്രിയായിരുന്ന മായ കോട്‌നാനി അടക്കം 67 പേരേയും കുറ്റവിമുക്തരാക്കി പ്രത്യേക വിചാരണ കോടതിയെന്നതും ഇന്നത്തെ രാജ്യത്തിന്റെ സാഹചര്യത്തില്‍ ചേര്‍ത്ത് വായിക്കണം.

1000ല്‍ അധികം പേര്‍ ഒഫീഷ്യല്‍ റെക്കോര്‍ഡിലും 2000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടിലുമുള്ള ഗുജറാത്ത് കലാപത്തെ സ്വാഭാവികമാക്കി കാണിച്ചു കൊണ്ട് അല്ലെങ്കില്‍ പകയുടെ ബാക്കിപത്രമെന്ന് കാണിച്ചുകൊണ്ട് സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ ഇരിക്കുന്നവര്‍ ഗോധ്രയിലെ 59 പേരുടെ മരണത്തെ കാണാത്തതെന്തെന്ന ചോദ്യമാണ് ഗുജറാത്ത് കലാപത്തെ അപലപിക്കുന്നവരോട് ചോദിക്കുന്നത്. ഇനി അതിനുള്ള ഉത്തരം ഗോധ്രയിലെ 59 പേര്‍ വെന്തുമരിച്ച സംഭവം ആരും ഗുജറാത്ത് കലാപം പോലെ വാഴ്ത്തിപ്പാടലുകള്‍ക്ക് ഉപയോഗിക്കുന്നില്ല എന്നതാണ്. അത് മുതലെടുത്തത് ഒരു രാഷ്ട്രീയ കക്ഷിയാണെന്നതും അത് ഒരു കലാപത്തിലേക്ക് കോപ്പുകൂട്ടാന്‍ ഉപയോഗിച്ച തീക്കൊള്ളിയാണെന്നതും കൊണ്ടാണ്. ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം എന്ന അപഖ്യാതി ഗുജറാത്ത് കലാപത്തിന് വെറുതെ ചാര്‍ത്തി കൊടുക്കപ്പെട്ടതല്ല. ലോകം ഒന്നടങ്കം ആ സംഭവങ്ങള്‍ വിശകലനം ചെയ്തതിന്റെ ആകെ തുകയായിരുന്നു അത്. കലാപം ആസൂത്രണം ചെയ്തതില്‍ നരേന്ദ്രമോദിക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്ക നരേന്ദ്രമോദിക്ക് വിസ നിഷേധിക്കുന്നതിലേക്ക് വരെ എത്തിയ കാര്യങ്ങള്‍. 2002 ലെ ഗുജറാത്ത് കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ബ്രിട്ടീഷ് സര്‍ക്കാരും മോദിക്കെതിരെ നയതന്ത്ര ബഹിഷ്‌കരണം നടത്തി. 2012 ഒക്ടോബറിലാണ് ഈ ബഹിഷ്‌കരണം അവസാനിച്ചതെന്നതും വസ്തുതയാണ്.

ഇനി വീണ്ടും സംഘപരിവാരം പറയുന്നത് പോലെ ആദ്യം ഗോധ്ര സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്താലും ഗുജറാത്തിന്റെ ചരിത്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കാലത്തെ ചോരക്കറ മായില്ല. കേന്ദ്രവും ഗുജറാത്തും ബിജെപി ഭരിക്കുന്ന കാലത്താണ് ഗോധ്രയും പിന്നാലെ ഗുജറാത്ത് കത്തുന്ന കലാപവും ഉണ്ടായത്. 2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് 6 കോച്ചിന് തീപിടിച്ച് 59 പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പൂര്‍ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന കര്‍സേവകരായിരുന്നു സബര്‍മതി എക്സ്പ്രസിലുണ്ടായിരുന്നത്. ഇത് മുസ്ലീം ഭൂരിപക്ഷ മേഖലയായ ഗോധ്രയില്‍ നടന്നുവെന്നതാണ് കലാപത്തിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം. സാധാരണ സമയത്തിലും മണിക്കൂറുകള്‍ വൈകിയെത്തിയ സബര്‍മതി എക്‌സ്പ്രസ് 7.20നും 7.25നും ഇടയില്‍ ഗോധ്രയ്ക്ക് സമീപം സിഗ്നല്‍ ഫാലിയയിലാണ് കത്തിയമര്‍ന്നത്. കൂട്ടമായെത്തിയ മുസ്ലീം അക്രമി സംഘമാണ് ട്രെയിനിലേക്ക് മണ്ണെണ്ണയും പെട്രോള്‍ ബോംബും തീപ്പന്തവും എറിഞ്ഞതെന്നും ട്രെയിന്‍ ആകസ്മികമായി അകത്തെ ഭക്ഷണം പാകം ചെയ്യാന്‍ കര്‍സേവകര്‍ കൊണ്ടുപോയ സ്റ്റൗവില്‍ നിന്ന് തീപിടിച്ചു കത്തിയതാണെന്നും അടക്കമുള്ള വാദങ്ങള്‍ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകളാണ് രണ്ട് കമ്മീഷന്റേതായി ഉണ്ടായത്.

ഗുജറാത്ത് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഗോധ്ര ട്രെയിന്‍ ആക്രമണം ആക്സ്മികമായി സംഭവിച്ച ഒന്നല്ലെന്നും മറിച്ച് ഗൂഢാലോചനയുടെ അനന്തരഫലം ആണെന്നുമുള്ള നിഗമനത്തിലെത്തി. മുഖ്യമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന സിദ്ധാന്തം പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. 2004ലും 2008ലും ആണ് ഈ സംഭവത്തെ കുറിച്ച് രണ്ട് ജസ്റ്റിസ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2004-ല്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ജസ്റ്റിസ് യു സി ബാനര്‍ജിയെ ഗോധ്ര സംഭവം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. തീപിടിച്ചത് ട്രെയിനിനുള്ളില്‍ നിന്നാണെന്നും ആകസ്മികമായിട്ടാണെന്നും ജസ്ടിസ് യു സി ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. പിന്നീട് 2008 ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ നിയോഗിച്ച ജസ്റ്റിസ് നാനാവതി, ജസ്റ്റിസ് ഷാ എന്നിവരടങ്ങിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിക്കാണ് ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചത് ആസൂത്രിതമായിട്ടാണെന്നും ട്രെയിന് ആള്‍കൂട്ടം തീവെയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറഞ്ഞുവെച്ചു. കലാപാരോപണത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചീറ്റ് നല്‍കുകയും ചെയ്തു ഈ റിപ്പോര്‍ട്ട്. ആ സാഹചര്യത്തിലാണ് ഗോധ്ര സംഭവം എങ്ങനെ ഗുജറാത്ത് കലാപത്തിലേക്ക് വഴിവെച്ചുവെന്ന ചോദ്യം ഉയരുന്നത്. ഗോധ്രയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം വഹിച്ചൊരു റാലിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്താണ് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന പേര് ഗുജറാത്ത് കലാപത്തിന് മേലെ വീഴുന്നത്. കലാപ സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യതയുള്ള സംഭവമാണെന്നിരിക്കെയും മൃതദേഹം ഉറ്റബന്ധുക്കള്‍ക്ക് മാത്രമേ വിട്ടുകൊടുക്കാന്‍ പാടൂ എന്ന നിയമം ലംഘിച്ച് വിശ്വഹിന്ദുപരിഷത്തിന് അഹമ്മദാബാദിലേക്ക് റാലി നടത്താന്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കി. അവിടെ നിന്നാണ് ഗുജറാത്ത് കലാപം വംശഹത്യയായി മാറിയത്. മോദി സര്‍ക്കാര്‍ ഇടപെടലുകളെ കുറിച്ച് മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഗുജറാത്ത് കലാപത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. എഴുതിയാലും തീരാത്ത ക്രൂരത ഗുജറാത്തില്‍ ആ കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ചരിത്രത്തില്‍ നിന്ന് തൂത്തെറിയാന്‍ പറ്റാത്ത വിധം ചോരകൊണ്ട് എഴുതി തീര്‍ത്തവ. എമ്പുരാനില്‍ കത്രിക വെയ്പ്പിക്കാന്‍ അണിയറക്കാരെ നിര്‍ബന്ധിതരാക്കുന്ന ആ ഭയമാണ്, ആ ഭീതിയാണ് രാജ്യം എവിടെയെത്തിയാണ് നില്‍ക്കുന്നതെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

Read more