തമിഴ്നാട്ടിലെ ബിജെപി – എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്. രണ്ട് റെയ്ഡുകളിലൂടെ എഐഎഡിഎംകെയെ ഭയപ്പെടുത്തിയാണ് ബിജെപി സഖ്യത്തിന് നിർബന്ധിതരാക്കിയതെന്ന് സ്റ്റാലിൻ ആരോപിച്ചു. തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും സ്റ്റാലിൻ വിമർശിച്ചു.
ബിജെപി എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ ബിജെപി – എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ടിവികെ പ്രസിഡന്‍റ് വിജയും രംഗത്തെത്തി. ബിജെപി – എഐഎഡിഎംകെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണെന്ന് വിജയ് പറഞ്ഞു. എഐഡിഎംകെയുടെ ഐക്കൺ നേതാക്കളായ എംജിആറിന്‍റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണെന്നും വിജയ് പറഞ്ഞു.
ബിജെപിക്ക് ഡിഎംകെ രഹസ്യ പങ്കാളിയും എഐഎഡിഎംകെ പരസ്യ പങ്കാളിയുമാണെന്നും 2026ലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്നും വിജയ് പറഞ്ഞു. അതിനിടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇപിഎസിന്‍റെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.