ഒരു സംസ്ഥാനത്തും ഭരണമില്ല, എംപിയുമില്ല; കോൺഗ്രസിനേക്കാൾ സംഭാവന നേടിയത് ഈ പാർട്ടി! ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ ഈ വർഷവും മുന്നിൽ ബിജെപി തന്നെ. 2,604.74 കോടി രൂപയാണ് സംഭാവനയായി ബിജെപിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ രണ്ടാം സ്ഥാനത്ത് കോൺഗ്രസല്ല. 2023-24 ൽ ബിജെപി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച പാർട്ടി ബിആർഎസ് ആണ്.

കോൺ​ഗ്രസിനെ മറികടന്ന് കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി നേടിയത് 580 കോടി രൂപയാണ്. തെലങ്കാനയിൽ ഭരണം നഷ്ടമായ പാർട്ടിക്ക് ചരിത്രത്തിൽ ആദ്യമായി ലോക്സഭയിൽ പ്രാതിനിധ്യമില്ലാത്ത സമയമാണിത്. കോൺഗ്രസിന് ലഭിച്ചത് 281.38 കോടി രൂപയാണ്. കോൺഗ്രസിന് ലഭിച്ച സംഭാവനയേക്കാൾ ഒൻപത് മടങ്ങ് അധികമാണ് ബിജെപിയുടെ സംഭാവന.

ബിജെപിക്കും കോൺഗ്രസിനും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റാണ്. ബിജെപിക്ക് 723 കോടിയും കോൺഗ്രസിന് 156 കോടിയും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ലഭിച്ചു. കോൺ​ഗ്രസിന് സംഭാവന നൽകിയ ഏക ട്രസ്റ്റും ഇതാണ്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, ദിഗ്‌വിജയ സിംഗ് എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളിൽ നിന്ന് 1.38 ലക്ഷം രൂപയുടെ ഒന്നിലധികം സംഭാവനകൾ പാർട്ടിക്ക് ലഭിച്ചു.

പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റ് 85 കോടി രൂപ ബിആർഎസിനും 62.50 കോടി രൂപ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിനും സംഭാവനയായി നൽകി. എന്നാൽ ഇരു പാർട്ടികൾക്കും തെലുങ്ക് നാട്ടിൽ ഭരണം നിലനിർത്തായിട്ടില്ല. മറ്റ് പാർട്ടികളിൽ എഎപിക്ക് 11.1 കോടി രൂപ സംഭാവന ലഭിച്ചു. മുൻ വർഷം എഎപിക്ക് 37.1 കോടി രൂപ ലഭിച്ചിരുന്നു. സിപിഎമ്മിന് ലഭിച്ചത് 7.64 കോടി രൂപയാണ്. മുൻവർഷം 6.1 കോടി രൂപയായിരുന്നു. തൃണമൂൽ കോൺഗ്രസിന് 6.42 കോടി രൂപ ലഭിച്ചു.