ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പൊതുജനങ്ങളെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ നല്‍കുന്ന പരാതികളെയും നിവേദനങ്ങളെയും പരിഹസിച്ചായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരുകൂട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു നിവേദനും കൂടി നല്‍കുന്നതാണ് രീതിയെന്നും
പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.

ഇതൊരു ശരിയായ രീതിയല്ല. എല്ലാം ചോദിച്ച് വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും. എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും പ്രഹ്ലാദ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

സൗജന്യങ്ങളില്‍ ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്‍ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്‍ ആദരിക്കപ്പെടുന്നത് അവരുടെ ആദര്‍ശം അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കുമ്പോഴാണ്. ഇത്തരത്തില്‍ ആളുകള്‍ സഹായം ചോദിക്കുകയും നിവേദനം തരികയുമെല്ലാം ചെയ്യുമ്പോഴും തങ്ങള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് പൊതുജനങ്ങളെ അപമാനിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.