റിസർവ് ബാങ്കിന് ബോംബ് ഭീഷണി; ആർബിഐ ഗവർണർക്കയച്ച സന്ദേശം റഷ്യൻ ഭാഷയിൽ

മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ഇമെയിൽ സന്ദേശം. റഷ്യൻ ഭാഷയിലാണ് സന്ദേശം.

സഞ്ജയ് മൽഹോത്രയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തിൽ നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും എന്ന് എഴുതിയിരുന്നു. ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പൊലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്‌ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയിൽ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.

ശക്തികാന്ത ദാസിന് പകരമായി പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിൻ്റെ 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു.

“ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ” എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെൻ്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാർ തകരാറിലാണെന്ന് അവകാശപ്പെട്ട് പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം ഉടൻ തന്നെ ആർബിഐ ഉദ്യോഗസ്ഥർ മുംബൈ പോലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.