മതസ്പർദ്ധ സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ മുംബൈ കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.
33 വയസുകാരിയായ കങ്കണ റണൗത്ത് ബോളിവുഡ് ചലച്ചിത്രമേഖലയെ നിരന്തരം അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരു കാസ്റ്റിംഗ് ഡയറക്ടർ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് സമുദായങ്ങളിലെ ആളുകളുടെയും സാധാരണക്കാരുടെ മനസ്സിൽ ട്വീറ്റുകളിലൂടെ സാമുദായിക വിഭജനം സൃഷ്ടിക്കുകയാണ് നടിയെന്നും പരാതിക്കാരൻ പറഞ്ഞു.
ഹർജിക്കാരനായ സഹിൽ അഷ്റഫലി സയ്യിദിന്റെ പരാതിയിൽ കോടതി പ്രതികരിച്ചതിനെത്തുടർന്നാണ് ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജയദിയോ വൈ ഗുലെ ഉത്തരവ് പുറപ്പെടുവിച്ചത്. കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദലിന്റെ പേരും പരാതിയിൽ പറയുന്നുണ്ട്.
“താൻ അറിയപ്പെടുന്ന നടിയാണെന്നും വലിയ ആരാധകവൃന്ദമുണ്ടെന്നും അവർക്ക് നന്നായി അറിയാം, അതിനാൽ അവരുടെ ട്വീറ്റുകൾ കുറേ പേർ കാണുകയും നിരവധി ആളുകളിലേക്ക് എത്തിച്ചേരുകയും ചെയ്യും,” ഹർജിയിൽ പറഞ്ഞു.
“ഇലക്ട്രോണിക് മീഡിയ – ട്വിറ്റർ, അഭിമുഖങ്ങൾ എന്നിവയിൽ നടത്തിയ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് ആരോപണങ്ങൾ. ഒരു വിദഗ്ദ്ധന്റെ സമഗ്ര അന്വേഷണം ആവശ്യമാണ്,” കോടതി പറഞ്ഞു. ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം നടിക്കും സഹോദരിക്കും എതിരെ ആവശ്യമായ നടപടികളും അന്വേഷണവും ആരംഭിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കോടതി നിർദ്ദേശം നൽകി.
“ഹിന്ദു കലാകാരന്മാരും മുസ്ലീം കലാകാരന്മാരും തമ്മിൽ ഭിന്നത സൃഷ്ടിക്കുകയാണ് കങ്കണ റണൗത്ത്,” അവരുടെ എല്ലാ ട്വീറ്റുകളിലും മതത്തെ അനാവശ്യമായി കൊണ്ടുവരുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചു.
മഹാരാഷ്ട്രയിലെ പൽഗറിൽ ഹിന്ദു സന്ന്യാസിമാർക്ക് നേരെ ഉണ്ടായ ആക്രമണം ഒരു ഉദാഹരണമായി ഹർജിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിഎംസിയെ (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) “ബാബർ സേന” എന്ന് കങ്കണ റണൗത്ത് ട്വീറ്റിൽ വിളിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read more
ഝാൻസിയിലെ റാണി ലക്ഷ്മി ബായിയെയും ഛത്രപതി ശിവാജിയെയും കുറിച്ച് ആദ്യമായി ഒരു സിനിമ നിർമ്മിച്ചത് താനാണെന്ന് കങ്കണ റണൗത്ത് അവകാശപ്പെട്ടതായും ഹർജിയിൽ പറയുന്നു.