ദുരാചാരത്തില്‍ കൂട്ടിക്കെട്ടിയ ജാതിവെറി; ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ദളിതര്‍ ഭക്ഷിക്കണം; വിസമ്മതിച്ചാല്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും

കര്‍ണാടകയില്‍ ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാന്‍ ദളിതരെ നിര്‍ബന്ധിക്കുന്നതായി പരാതി. ബലി നല്‍കിയ എരുമയുടേത് ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ഇറച്ചി കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായാണ് പരാതി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരാചാരം അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ ദേവികര ഗ്രാമത്തിലെ മതാഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തില്‍ കന്നുകാലികളെ ബലി നല്‍കുന്നത്. മല്ലികാര്‍ജുന്‍ ക്രാന്ത്രി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ബലി നല്‍കിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നതായും പരാതിയില്‍ പറയുന്നു.

ഡിസംബര്‍ 18ന് ആരംഭിക്കുന്ന ആഘോഷങ്ങള്‍ രണ്ട് ദിവസം നീളും. അവസാന ദിനമാണ് ബലി നല്‍കിയ പത്തോളം മൃഗങ്ങളുടെ ഇറച്ചി ദളിതര്‍ ഭക്ഷിക്കേണ്ടത്. ഇതിന് വിസമ്മതിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കും. സമീപ ഗ്രാമങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. കന്നുകാലികളെ ബലി നല്‍കുന്ന ആഘോഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു.