കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. താൻ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി.
അമിത് ഷായ്ക്ക് ഒപ്പം ഡികെ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ ഡികെയും പങ്കെടുത്തിരുന്നു.
ഇതിനെതിരെ എഐസിസി സെക്രട്ടറി പിവി മോഹൻ വിമർശിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ മറുപടി. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അധ്യക്ഷൻ സ്വീകരിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു മോഹന്റെ വിമർശനം.
Read more
‘അനധികൃത സ്വത്തുസമ്പാദന കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചപ്പോൾ സിഖ് മതത്തെ കുറിച്ച് പഠിച്ചിരുന്നു. ജൈനാശ്രമങ്ങളും ദർഗകളും ക്രൈസ്തവ ദേവാലയങ്ങളും സന്ദർശിക്കാറുണ്ട്’ എന്നും ശിവകുമാർ പറഞ്ഞു. പ്രയാഗ്‌രാജിൽ മഹാകുംഭമേളയിലും ശിവകുമാർ നേരത്തേ പങ്കെടുത്തിരുന്നു.