കോവിഡ് വാക്‌സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാർഡുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ പാസ്‌പോര്‍ട്ട് നല്‍കിയിട്ടും വാക്‌സിന്‍ നിഷേധിച്ചതിനാല്‍ സിദ്ധാര്‍ത്ഥ് ശങ്കർ ശർമ്മ എന്നയാളാണ് കോടതിയെ സമീപിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.
Read more
അതേസമയം, ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഹർജിക്കാരന് വാക്‌സിന്‍ നിഷേധിച്ച സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രത്തിന്റെ മറുപടിയില്‍ കോടതി ഹർജി തീര്‍പ്പാക്കി.