ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും അയോഗ്യത കാലയളവ് ആറ് വര്‍ഷം മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അശ്വിനി ഉപാധ്യായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Read more

രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് കഠിനമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. അയോഗ്യത കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.