പശ്ചിമഘട്ടം പരിസ്ഥിതി ദുര്‍ബലം; വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോലം; കരട് വിജ്ഞാപനമിറക്കി കേന്ദ്രം

പശ്ചിമ ഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വര്‍ഷം ജൂണില്‍ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം.

വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 10,000ഓളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം വിജ്ഞാപനത്തിന്റെ പരിധിയില്‍ വരും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 31നായിരുന്നു നടപടി. പശ്ചിമ ഘട്ടത്തിന്റെ 36% ഇതോടെ, പരിസ്ഥിതി ദുര്‍ബല മേഖലയാകും. ഇവിടെ നിര്‍മാണങ്ങള്‍ക്കുള്‍പ്പെടെ നിയന്ത്രണമുണ്ടാകും

കേരളത്തിലെ 131 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊതു പ്രതികരണം കൂടി കണക്കിലെടുത്താകും അന്തിമ വിജാഞാപനം. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളാണ് പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിച്ചത്. വയനാട്ടിലെ പെരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി, കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരണം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, താരിയോട്, വെള്ളരിമല വില്ലേജുകളാണ് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്.