പഴയ തഴമ്പില്‍ കാര്യമില്ല, ഇനി നിതീഷും നായിഡുവും വിലപേശി വരയ്ക്കും; ആജ്ഞാപിക്കലല്ല, ഇനി അപേക്ഷിക്കല്‍ മോദി ജീയ്ക്ക് ഉറച്ചിരിക്കണമെങ്കില്‍

ദേശീയ രാഷ്ട്രീയത്തില്‍ ഇനിയാണ് ജനാധിപത്യത്തിന്റെ മൂര്‍ച്ച നരേന്ദ്ര മോദിയും അമിത് ഷായും അറിയാന്‍ പോകുന്നത്. പഴയ 303ന്റെ തഴമ്പില്‍ ആജ്ഞാപിച്ച് ഭീഷണിപ്പെടുത്തി മേഞ്ഞുനടന്ന ഇടത്ത് ഇനി അപേക്ഷിക്കലും അനുരഞ്ജനവും മാത്രമേ നടപ്പുള്ളു. 240ല്‍ കൂട്ടിവെയ്ക്കാന്‍ 32 തരേണ്ടവരില്‍ കളമറിഞ്ഞ് കരുക്കള്‍ നീക്കുന്ന കുറുക്കന്‍ നിതീഷ് കുമാറും ദക്ഷിണേന്ത്യയില്‍ നിന്നൊരു നായിഡുവും മുന്നില്‍ നില്‍ക്കുമ്പോള്‍ നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ഇനി പത്തി താഴ്ന്നിരിക്കും. പണ്ടത്തെ പോലെ ജീ- ഷാ കൂട്ടുകെട്ടില്‍ ബിജെപിയ്ക്ക് ഉള്ളില്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന രാജകല്‍പനകള്‍ കേന്ദ്രസര്‍ക്കാരില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ്. കിട്ടിയ അവസരം മുതലെടുത്തു തൂക്കുമന്ത്രിസഭയിലെ നിര്‍ണായക വിലപേശല്‍ തന്ത്രം നിതീഷും നായിഡുവും പുറത്തെടുത്തു കഴിഞ്ഞു.

ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാലും മൂന്നാം മോദി സര്‍ക്കാരെന്നത് ഇപ്പോള്‍ ബിജെപിയ്ക്ക് അഭിമാന പ്രശ്‌നമായതും കാരണം സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം തന്നെ നടത്തിയേക്കുമെന്ന കാര്യം ഉറപ്പാണ്. അമിത് ഷായെന്ന ബിജെപിയുടെ ചാണക്യനെ സൈഡാക്കി ആഭ്യന്തര മന്ത്രി സ്ഥാനം തന്നെ ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. വഴങ്ങിയില്ലെങ്കില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും ബിജെപി എംപിമാരെ അടര്‍ത്താന്‍ പോലും നായിഡുവിന് ആലോചനയുമുണ്ട്.

400 പിടിക്കുമെന്ന് പറഞ്ഞിറങ്ങി 240ല്‍ ഒതുങ്ങിയതിന്റെ ക്ഷീണത്തിന് പുറമേ മോദി ഫാക്ടര്‍ ഏല്‍ക്കാത്തതും നരേന്ദ്ര മോദിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായുടെ മുന്നില്‍ വെറും ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം മാത്രമാണ് ഒപ്പിക്കാനായത്. കഴിഞ്ഞ കുറി നാലര ലക്ഷത്തിന് അപ്പുറം ഭൂരിപക്ഷത്തില്‍ നിന്നാണ് ഈ വീഴ്ചയെന്നത് ഓര്‍ക്കണം. റായ്ബറേലിയില്‍ നാല് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി ജയിച്ചു കയറിയത്.

മൂന്നാമതും ഭരണം പിടിക്കാനുള്ള എന്‍ഡിഎ നീക്കങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിസഭാ യോഗം ചേരുകയും പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് നരേന്ദ്ര മോദി രാജി സമര്‍പ്പിക്കുകയും ചെയ്തു. എട്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. 2014ല്‍ 282 സീറ്റുകളും 2019ലെ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളുമായി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇത്തവണ 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 272 എന്ന രാജ്യത്തെ കേവല ഭൂരിപക്ഷത്തിന്റെ മാജിക് നമ്പറില്‍ 32 എണ്ണം കുറവ്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ 53 സീറ്റുകളെ ആശ്രയിച്ചാണ് മോദി സര്‍ക്കാര്‍ ഇക്കുറി അധികാരത്തിലേറുക. ഇതോടെ രാജ്യത്ത് കിങ് മേക്കര്‍മാരായി മാറിയത് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമാണ്.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കം വലിയ ഉപാധികളോടെ ആണ് ജഗനെ വീഴ്ത്തി ആന്ധ്ര മുഖ്യമന്ത്രിയായി കൊണ്ടുള്ള നായിഡുവിന്റെ ഡല്‍ഹി വരവ് ലക്ഷ്യം വെയ്ക്കുന്നത്. നായിഡുവിന്റെ ടിഡിപിക്കും തന്റെ ഒപ്പം ഉറച്ചുനില്‍ക്കുന്ന പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേവ പാര്‍ട്ടിക്കും സുപ്രധാന വകുപ്പുകള്‍ എന്നിവയടക്കം അഞ്ചോളം കേന്ദ്ര മന്ത്രിസ്ഥാനം വരെ നായിഡു മുന്നോട്ടു വയ്ക്കുന്ന ചില ഉപാധികളാണ്. നിതീഷ് കുമാറാകട്ടെ ഉപപ്രധാനമന്ത്രി പദം അടക്കം ലക്ഷ്യം വെയ്ക്കുന്നുണ്ട്. തന്റെ ആവശ്യങ്ങള്‍ എന്‍ഡിഎ യോഗത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന നിലപാടിലാണ് നിതീഷ്. ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഡല്‍ഹിയിലെത്തുകയും ചെയ്തു. നിതീഷ് വന്ന വിമാനത്തില്‍ ബിഹാറിലെ ആര്‍ജെഡിയുടെ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഇന്ത്യ മുന്നണി യോഗത്തിനായി ഡല്‍ഹിയിലേക്ക് വന്നത് ബിജെപിയ്ക്ക് ഉള്ളില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്.

ഇന്ത്യ മുന്നണിയും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ തദ്ദേശ പാര്‍ട്ടികളുടേയും മറ്റും സീറ്റും കണക്കും രാജ്യത്ത് ചര്‍ച്ചയാണ്. 40 സീറ്റ് കൂടി ഉണ്ടെങ്കില്‍ ഇന്ത്യ മുന്നണിയക്കും സര്‍ക്കാരുണ്ടാക്കാം എന്നതാണ് സ്ഥിതി. അതിനാല്‍ നായിഡുവും കുര്‍സി കുമാറും ചോദിയ്ക്കുന്ന ഇടത്ത് നിന്ന് അനുരഞ്ജനത്തിന് താണു കൊടുക്കാമെന്നല്ലാതെ പഴയ ജീ മോഡ് ഇനി നടപ്പില്ല. പണ്ടത്തെ 303ന്റെ തഴമ്പില്‍ ഇനി കസേരയിലിരുന്ന് കല്‍പ്പിച്ച് ഷാ ജീയും മോദി ജീയും കൂടി തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ പാര്‍ട്ടി പോലെ ഓടിച്ചു കൊണ്ടുനടന്ന മന്ത്രിസഭ ഇനി സാധ്യമല്ലെന്നത് ഉറപ്പ്. ചോദിയ്ക്കാനും പറയാനും ശക്തമായ പ്രതിപക്ഷ അംഗബലം മാത്രമല്ല, ഒപ്പം നില്‍ക്കുന്നവരെ പിണക്കിയാല്‍ മോദി ഗ്യാരന്റി പോലെ പ്രധാനമന്ത്രി സ്ഥാനവും മൂലയ്ക്കിരിക്കുമെന്നതാണ് വസ്തുത. മോദി ഗവണ്‍മെന്റ് എന്നതിന് പകരം തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ എന്‍ഡിഎ, എന്‍ഡിഎ ഗവണ്‍മെന്റ് എന്ന് പറഞ്ഞു മോദി ജീ തന്നെ ചുവടുമാറ്റിയില്ലേ, ഇനി അതാണ് ട്രെന്‍ഡ്. നായിഡുവും നിതീഷും വരയ്ക്കും പ്രധാനമന്ത്രി കസേരയില്‍ ഇരിയ്ക്കണമെങ്കില്‍ മോദി ജീ വരയ്ക്കുന്നിടത്ത് നിന്നേ പറ്റൂ…