ഇന്ത്യ ലോകത്തിന്റെ നെറുകയിൽ, ചന്ദ്രയാൻ - 2 കുതിച്ചുയർന്നു

ചാന്ദ്ര പര്യവേക്ഷണ രംഗത്ത് ഇന്ത്യ ലോകത്തിന്റെ നെറുകയിൽ. ഇന്ത്യയുടെ ചന്ദ്രയാൻ -2 പര്യവേക്ഷണ പേടകം കൃത്യം 2 .43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ബഹിരാകാശത്തിന്റെ അനന്ത നിഗൂഢതയിലേക്ക് കുതിച്ചുയർന്നു. ഇന്ത്യൻ നിർമിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂർ നീണ്ട കൌണ്ട് ഡൌൺ തുടങ്ങിയത്. നേരത്തെ അവസാന നിമിഷത്തിൽ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു. അതിനുശേഷം ഒരാഴ്ച തികയുമ്പോഴാണ് ഐ എസ് ആർ ഒ ചരിത്ര വിജയം കുറിച്ചത്.

Image result for chandrayaan 2

978 കോടി രൂപയാണ് ചാന്ദ്ര ദൗത്യത്തിന് വേണ്ടി വരുന്ന ചെലവ്. 48 ദിവസത്തിനകം ലാൻഡർ വിക്രം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഇതിലുള്ള പ്രഗ്യാൻ എന്ന റോവർ ചന്ദ്രനിൽ പര്യവേക്ഷണം നടത്തും. അധികം പര്യവേക്ഷണങ്ങൾ നടക്കാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് റോവർ പര്യവേക്ഷണം നടത്തുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചാന്ദ്ര ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജി എസ് എൽ വി മാർക്ക് ത്രീ റോക്കറ്റിലാണ് ചാന്ദ്ര ദൗത്യം ബഹിർകാശത്തേക്ക് കുതിച്ചത്.

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര പൂർത്തിയാക്കേണ്ടിയിരുന്നത് . പുതിയ പ്ലാൻ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് നാല്പത്തി മൂന്നാം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

Image result for chandrayaan 2

ചന്ദ്രോപരിതലത്തില്‍ എവിടെയാണ് മൂണ്‍ ലാന്‍ഡര്‍ വിക്രം സോഫ്റ്റ് ലാന്‍ഡ് ചെയ്യുക എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. പാറകളും ഗര്‍ത്തങ്ങളും നിറഞ്ഞ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ഇടം കണ്ടത്തേണ്ടതുണ്ട്. വിക്രമില്‍ സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇതിനുള്ള തീരുമാനം എടുക്കുക.

Related image

23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ഭ്രമണം ചെയ്തതിന് ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രയാന്‍ കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം ദിവസം, സെപ്തംബര്‍ 2നു ലാന്‍ഡര്‍ ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള 5 ദിവസങ്ങളിലായിരിക്കും നിര്‍ണ്ണായക തീരുമാനം എടുക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത പ്രതലമാണ് പരീക്ഷണങ്ങള്‍ക്കായി ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തിരിക്കുന്നത്.

Image result for chandrayaan 2

48 ദിവസം കൊണ്ട് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. നേരത്തെ ഇത് 54 ദിവസമായിരുന്നു. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സെപ്തംബര്‍ 6 എന്നത് സെപ്തംബര്‍ 7 ആകാനും സാധ്യതയുണ്ട് എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രോപരിതലത്തില്‍ 13 ഭൌമ ദിനങ്ങളാണ് പ്രഗ്യാന്‍ റോവര്‍ പരീക്ഷണങ്ങള്‍ നടത്തുക.